കുരങ്ങന്മാര്‍ വൃദ്ധനെ ഇഷ്ടിക കൊണ്ട് എറിഞ്ഞു കൊന്നു ; കേസെടുക്കണം എന്ന ആവശ്യത്തില്‍ കുടുംബം
ഉത്തര്‍പ്രദേശിലെ മീററ്റില്‍ തിക്രി ഗ്രാമത്തിലാണ് സംഭവം. വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയതായിരുന്നു എഴുപത്തിരണ്ടുകാരനായ ഇദ്ദേഹം. വിറകുകള്‍ പെറുക്കി കൂട്ടുന്നതിനിടയിലാണ് കുരങ്ങന്‍മാരുടെ സംഘം വളഞ്ഞത്. ആദ്യം ചെറിയ ഇഷ്ടിക കഷ്ണങ്ങള്‍ കൊണ്ടാണ് ഇവ വൃദ്ധനെ ആക്രമിച്ചത്. എന്നാല്‍ അതിനു ശേഷം തൊട്ടടുത്ത പൊട്ടിപ്പൊളിഞ്ഞ് കിടന്ന കെട്ടിടത്തിനുള്ളില്‍ നിന്നാണ് ഇവര്‍ ഓടിന്റെയും ഇഷ്ടികയുടെയും കഷ്ണങ്ങള്‍ എടുത്ത് കൊണ്ട് വന്നത്.
തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ വൃദ്ധന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയ്ക്കാണ് മരിച്ചത്. കുരങ്ങന്‍മാരുടെ പേരില്‍ മരിച്ച വൃദ്ധന്റെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതിയില്‍ എങ്ങനെ നടപടിയെടുക്കുമെന്ന ആശങ്കയിലാണ് പൊലീസ്. അപകടം എന്ന രീതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കാണിച്ച് കുടുംബാംഗങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
ഇരുപതിലധികം ഇഷ്ടികകള്‍ കൊണ്ടുള്ള ഏറാണ് വൃദ്ധന്റെ തലയിലും നെഞ്ചിലും കാലിലും കൊണ്ടിരിക്കുന്നത്. മരത്തിന്റെ ഏറ്റവും മുകളില്‍ കയറിയിരുന്നായിരുന്നു കുരങ്ങന്‍മാരുടെ ആക്രമണം. കുരങ്ങന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മരിച്ച വൃദ്ധന്റെ സഹോദരന്‍ പറയുന്നു. ഈ പ്രദേശത്ത് കുരങ്ങന്‍മാരെക്കൊണ്ടുള്ള ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. കുരങ്ങന്‍മാരെ എങ്ങനെ ശിക്ഷിക്കും എന്ന് അറിയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കുരങ്ങന്മാര്‍ ആദ്യം ആക്രമിച്ച സമയം വൃദ്ധന്‍ തിരിച്ചു കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് കുരങ്ങന്മാര്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.