ശബരിമല ; ആചാരങ്ങളെ ബഹുമാനിക്കണമെന്ന് രജനീകാന്ത്
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി തമിഴ് നടൻ രജനീകാന്ത്. ശബരിമലയില്‍ കാലങ്ങളായി ആചരിച്ചു വരുന്ന ആചാരങ്ങളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ടെന്ന് രജനീകാന്ത് പറഞ്ഞു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടത് തന്നെയാണെന്ന് അദ്ദേഹം ചെന്നൈയില്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് തുല്യാവകാശം വേണം എന്നതില്‍ രണ്ട് അഭിപ്രായമില്ല. എന്നാല്‍ ആരാധനാലയങ്ങളുടെ കാര്യം വരുമ്പോള്‍ ആചാരങ്ങളും ഐതിഹ്യങ്ങളും കണക്കിലെടുക്കണം. അത് ആരും തടസ്സപ്പെടുത്തരുത്. എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞുവെന്നും രജനികാന്ത് പറയുന്നു.
അതുപോലെ സ്ത്രീകള്‍ക്ക് ഒരുപാട് പിന്തുണ ലഭിക്കുന്ന കാമ്പയിനാണ് മീ ടൂ എന്നും എന്നാല്‍ അത് ആരും ദുരുപയോഗം ചെയ്യരുത്. ശരിയായ രീതിയില്‍ ഉപയോഗിക്കുക എന്നും രജനീ വ്യക്തമാക്കി. അതേസമയം പാര്‍ട്ടി പ്രഖ്യാപനം നീളുന്നതിനെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ രജനീകാന്ത് തയ്യാറായില്ല.