അമൃത്‌സര്‍ ട്രെയിന്‍ അപകടം : മരിച്ചവരുടെയും പരിക്കേറ്റവരുടെയും വസ്തുക്കള്‍ മോഷണം പോയി
രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകട സ്ഥലത്തും അപകടത്തിനു ശേഷം നടന്നത് കൊള്ളയും മോഷണവും. ദസറ ആഘോഷത്തിനിടെ റെയില്‍വെ ട്രാക്കില്‍ നിന്നവരുടെ ഇടയിലേക്ക് ട്രെയിന്‍ ഇടിച്ചു കയറി മരിച്ചവരുടെയും പരിക്കേറ്റവരുടെയും പക്കലുണ്ടായിരുന്ന പണവും മറ്റ് വിലപ്പെട്ട വസ്തുക്കളും മോഷണം പോയതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
മരിച്ച ആളുകളുടെ ശരീരം വിട്ടു കിട്ടിയെങ്കിലും അവരുടെ മൊബൈല്‍ ഫോണുകള്‍. ആഭരണങ്ങള്‍, പഴ്‌സ് തുടങ്ങിയവ നഷ്ടമായതായാണ് പരാതി. പഞ്ചാബിലെ അമൃത്‌സറില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് നടുക്കിയ അപകടം നടന്നത്. അപകടത്തില്‍ 61 പേര്‍ മരിക്കുകയും 143 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപകടത്തില്‍ പെട്ട് പരിക്കേറ്റു കിടന്ന ദീപക് എന്ന യുവാവ് പറഞ്ഞത് അപകടത്തില്‍ പെട്ട് അനങ്ങാനാവാതെ കിടക്കുന്നതിനിടെ ആരോ ഇയാളുടെ ഫോണ്‍ തട്ടിയെടുത്തുവെന്നാണ്. ഇയാളുടെ മകള്‍ അപകടത്തില്‍ മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരമായ അപകടം നടന്നതിനു ശേഷം നിരവധിയാളുകള്‍ വീഡിയോ എടുക്കുന്നതിന്റെയും സെല്‍ഫി എടുക്കുന്നതിന്റെയും തിരക്കിലായിരുന്നുവെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.