ശബരിമല വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ സരിതയുടെ ആരോപണത്തില്‍ കേസെടുത്തത് സര്‍ക്കാര്‍

ശബരിമല വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് സരിത എസ് നായരുടെ ലൈംഗിക പീഡന പരാതിയില്‍ തനിക്കെതിരെ കേസ് എടുത്തത് എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസിനെ നിയമപരമായി നേരിടും. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് വിശദമായ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ഔദ്യോഗികവസതിയില്‍ വച്ചാണെന്നു സരിത പറഞ്ഞിരുന്നു. 2012 ല്‍ ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് ഉമ്മന്‍ചാണ്ടി തന്നെ ഉപദ്രവിച്ചത്. ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു സംഭവം. ക്ലിഫ് ഹൗസിലേയ്ക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കുകയായിരുന്നെന്നാണ് സരിത പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

മറ്റൊരു പരാതി മുന്‍ എംപി കെ.സി.വേണുഗോപാലിനെതിരെയാണ്. മുന്‍മന്ത്രി എ.പി.അനില്‍കുമാറിന്റെ വസതിയായ റോസ് ഹൗസില്‍ വച്ചാണ് ബലാത്സംഗം ചെയ്തത്. ആലപ്പുഴയില്‍ വച്ച് കെ.സി.വേണുഗോപാല്‍ തന്നെ കടന്നുപിടിയ്ക്കാന്‍ ശ്രമിച്ചെന്നും സരിത മൊഴി നല്‍കിയതായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഔദ്യോഗികവസതികളില്‍ വച്ചാണ് പീഡനങ്ങളെല്ലാം നടന്നിരിക്കുന്നത് എന്നത് പരാതിയുടെ ഗൗരവസ്വഭാവം കൂട്ടുന്നുണ്ട്. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിയ്ക്കുന്ന ക്ലിഫ് ഹൗസിലടക്കം പൊലീസിന് തെളിവെടുപ്പ് നടത്തേണ്ടി വരും. യുഡിഎഫ് മന്ത്രിസഭയിലുണ്ടായിരുന്ന മറ്റ് മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പുതിയ കേസുകള്‍ വന്നേയ്ക്കുമെന്നും സൂചനയുണ്ട്