സ്വന്തം ആസ്ഥാനത്ത് തന്നെ റെയ്ഡ് നടത്തി സിബിഐ ; ചരിത്രത്തിലെ അപൂര്‍വ്വ നിമിഷങ്ങള്‍
സ്വന്തം ആസ്ഥാനത്ത് തന്നെ റെയ്ഡ് നടത്തിയിരിക്കുകയാണ് സിബിഐ. രാജ്യത്ത് ഏറ്റവും വിശ്വാസ്യതയുള്ള ദേശീയ അന്വേഷണ ഏജന്‍സിയാണ് സിബിഐ. രാജ്യത്ത് ഏത് വിവാദമുണ്ടായാലും സിബിഐക്ക് വിടണമെന്ന മുറവിളി ഉയരുന്നതിന് പിന്നിലും മറ്റൊന്നല്ല. എന്നാല്‍ തങ്ങളുടെ വിശ്വസ്യത ഊട്ടിയുറപ്പിക്കുന്ന നടപടിയാണ് സിബിഐയില്‍ നിന്നുണ്ടായിരിക്കുന്നത്.
കോഴക്കേസുമായി ബന്ധപ്പെട്ട് സ്വന്തം സ്‌പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെ പ്രതിചേര്‍ത്ത് സിബിഐ കേസെടുത്തത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കുകയാണ്. അസ്താനയ്‌ക്കെതിരെ കേസെടുത്തെന്നത് മാത്രമല്ല സിബിഐ ചെയ്തതെന്നാണ് വ്യക്തമാകുന്നത്. കേസുമായി ബന്ധപ്പെട്ട് ദില്ലിയില്‍ സ്ഥിതി ചെയ്യുന്ന ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സിബിഐ സംഘം തന്നെ റെയിഡ് നടത്തിയെന്ന വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്. ഇവിടെ റെയിഡ് നടത്തിയ സിബിഐ സംഘം ഡെപ്യൂട്ടി എസ് പി ദേവന്ദര്‍ കുമാറിനെ അറസ്റ്റും ചെയ്തു. അസ്താനയുടെ അടുത്ത ആളാണ് ദേവേന്ദര്‍ കുമാര്‍.
വിവാദ മാംസ വ്യാപാരി മൊയിന്‍ ഖുറേഷിയില്‍നിന്നു 2 കോടി രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് രാകേഷ് അസ്താന കുടുങ്ങിയത്. കേസ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനമാണ് ഉണ്ടാക്കുന്നത്. അസ്താന പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.സിബിഐയിലെ രണ്ടാമെന്ന് പേരുകേട്ട വ്യക്തിയാണ് രാകേഷ് അസ്താന.