ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികന്‍ മരിച്ച നിലയില്‍

വിവാദ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജലന്ധറിനടുത്ത് ദസ്‌വ എന്നയിടത്തെ ചാപ്പലിലാണ് വൈദികന്‍ താമസിച്ചിരുന്നത്.

ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം മുറിയിലേക്ക് പോയ അദ്ദേഹം പിന്നീട് മുറിവിട്ട് പുറത്തേക്ക് വന്നിരുന്നില്ല. ഇന്ന് രാവിലെ കുര്‍ബാനയ്ക്ക് അച്ചനെ കാണാതായപ്പോള്‍ ജോലിക്കാരന്‍ വന്ന് വിളിച്ചിട്ടും മുറി തുറന്നില്ല. പിന്നീട് മറ്റുള്ളവരെത്തി മുറിയുടെ വാതില്‍ അകത്തു കയറിയപ്പോളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ദസ്വ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ പരാതി നല്‍കിയിരുന്നു. കന്യാസ്ത്രീയ്ക്ക് നീതി വേണമെന്നും ബിഷപ്പ് ഫ്രാങ്കോയെ അന്വേഷണവിധേയമായി മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് വത്തിക്കാനും മാര്‍പാപ്പയ്ക്കും പരാതി നല്‍കിയവരില്‍ ഫാദര്‍ കുര്യാക്കോസ് ഉണ്ടായിരുന്നു.

കന്യാസ്ത്രീയുടെ പരാതി വിവാദമായപ്പോള്‍ കഴിഞ്ഞ മെയ് മാസം ഫാ.കുര്യാക്കോസിനെ സ്ഥലം മാറ്റിയിരുന്നു. കന്യാസ്ത്രീകളുടെ സമരത്തിന് തുറന്ന പിന്തുണയുമായി രംഗത്തെത്തിയ ഫാദര്‍ കുര്യാക്കോസിന് നിരവധി ഭീഷണികളുണ്ടായിരുന്നെന്ന് മുമ്പും പറഞ്ഞിരുന്നു.

ചാപ്പലില്‍ ഫാദര്‍ കുര്യാക്കോസിന് ഭീഷണിയുണ്ടെന്നും വധഭീഷണി മുഴക്കി ഫോണ്‍കോളുകള്‍ വന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭീഷണികള്‍ ശക്തമായ സാഹചര്യത്തില്‍ ഒരു ഘട്ടത്തില്‍ സമരത്തില്‍ നിന്ന് ഫാദര്‍ പിന്‍വാങ്ങുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ രൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.