ശബരിമല വിവാദം ; രഹനാ ഫാത്തിമയ്‌ക്കെതിരെ ബിഎസ്എൻഎൽ ; സ്ഥലംമാറ്റി

ശബരിമല വിവാദനായികയും ആക്റ്റിവിസ്റ്റ്മായ രഹനാ ഫാത്തിമയ്ക്കെതിരെ ബിഎസ്എന്‍എല്‍ നടപടി. ബിഎസ്എന്‍എല്‍ കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ ജീവനക്കാരിയായ രഹനയെ രവിപുരത്തേക്ക് സ്ഥലം മാറ്റി. ടെലഫോണ്‍ മെക്കാനിക്ക് തസ്തികയിലാണ് രഹന ജോലി ചെയ്യുന്നത്.

കൂടാതെ വിഷയത്തില്‍ ബിഎസ്എന്‍എല്‍ വകുപ്പ്തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്കാണ് ഇപ്പോള്‍ രഹ്നയെ മാറ്റിയിരിക്കുന്നത്. രഹനയ്ക്കെതിരെ നടക്കുന്ന വകുപ്പ്തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരുന്നമുറയ്ക്ക് തുടര്‍ നടപടികളുണ്ടാകുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു.

അതുപോലെ ശബരിമലയുമായി ബന്ധപ്പെട്ട രഹനയുടെ ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അന്വേഷിക്കാനും ബി.എസ്.എന്‍.എല്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ രഹന ഫാത്തിമയ്ക്കെതിരെ പൊലീസും കേസെടുത്തിട്ടുണ്ട്. ശബരിമല കയറിയതിന്റെ പേരില്‍ രഹ്നയുടെ വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു.