രാഹുല്‍ ഈശ്വറിന് ജാമ്യം

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന കോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ അടക്കം ഒമ്പത് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഇവരെ അറസ്റ്റ് ചെയ്ത ജാമ്യാമില്ലാ വകുപ്പ് നിലനില്‍ക്കില്ലെന്ന വാദം കോടതി അംഗീകരിച്ചു. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമണത്തിന്റെ പേരിലായിരുന്നു രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്.

നേരത്തെ ജാമ്യാപേക്ഷ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട ഫസ്റ്റ്ക്ലാസ് കോടതി മാറ്റി വച്ചിരുന്നു. കേസില്‍ പൊലീസ് റിപ്പോര്‍ട്ട് കിട്ടാത്തതിനാലായിരുന്നു ഇത്.
നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ കൊട്ടാരക്കര സബ് ജയിലിലായിരുന്നു.

പതിനാല് ദിവസത്തേക്കാണ് രാഹുലിന്റെ റിമാന്റ് ചെയ്തിരുന്നത്. ജയിലില്‍ നിരാഹാര സമരത്തിലുള്ള രാഹുലിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ബന്ധുക്കള്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രാഹുലിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.

നിയമ വിരുദ്ധമായി സംഘടിക്കുക, ലഹളയില്‍ ഏര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘം ചേരുക, ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു രാഹുലിന്റെ അറസ്റ്റ്.

എന്നാല്‍ രാഹുലിന്റെ അറസ്റ്റ് കാരണം കൂടാതെയാണെന്നും പമ്പയില്‍ നടന്ന അക്രമങ്ങളുടെ പേരില്‍ സന്നിധാനത്ത് ഉണ്ടായിരുന്ന രാഹുല്‍ എങ്ങനെയാണ് ഉത്തരവാദിയാവുകയെന്നും രാഹുലിന്റെ ഭാര്യ ദീപ ചോദിച്ചിരുന്നു. അതുപോലെ രാഹുലിനെ അറസ്റ്റ് അകാരണമായിട്ടാണ് എന്ന് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജും ആരോപിച്ചിരുന്നു.