അമേരിക്കയില്‍ പ്രചാരത്തില്‍ മുന്നേറി ഒരു ഇന്ത്യന്‍ ഭാഷ

വാഷിങ്ടണ്‍: അമേരിക്കയില്‍ വേഗത്തില്‍ വളരുന്ന ഭാഷകളില്‍ ഇന്ത്യയില്‍ നിന്നും തെലുങ്ക് ഒന്നാമന്‍.അമേരിക്കയില്‍ 2010 മുതല്‍ 2017 വരെയുള്ള കാലയളവില്‍ തെലുങ്ക് ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ 86 ശതമാനം വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ സംസാരിക്കുന്ന പ്രധാനപ്പെട്ട ഭാഷകളില്‍ 20ാം സ്ഥാനത്ത് വരെ തെലുങ്ക് എത്തിയെന്നാണ് പഠനം പറയുന്നത്.

വേള്‍ഡ് എകണോമിക് ഫോറം പുറത്തുവിട്ട ഓണ്‍ലൈന്‍ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍, അമേരിക്കയില്‍ സംസാരിക്കുന്ന ഭാഷകളെപ്പറ്റിയുള്ള പഠനമാണ് വീഡിയോക്ക് ആധാരം. ഇന്ത്യയില്‍ ഏറ്റവുമധികം സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് തെലുങ്ക്. 84 മില്യണ്‍ ആളുകളാണ് ഇന്ത്യയില്‍ തെലുങ്ക് സംസാരിക്കുന്നത്.

തെലുങ്കിന് ശേഷം ഏറ്റവും കൂടുതല്‍ അമേരിക്കയില്‍ വളര്‍ച്ചയുള്ള ഇന്ത്യന്‍ ഭാഷ ബംഗാളിയാണ്. തമിഴും അറബിക്കുമാണ് മൂന്നും നാലും സ്ഥാനത്ത്. 320 ദശലക്ഷം വരുന്ന അമേരിക്കന്‍ ജനസംഖ്യയില്‍ ഇംഗ്ലീഷല്ലാതെ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ സ്പാനിഷാണ്. 60 ലക്ഷത്തിലധികം പേരാണ് അമേരിക്കയില്‍ സ്പാനിഷ് ഭാഷ സംസാരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നാല് ലക്ഷത്തോളം തെലുങ്കു ഭാഷ സംസാരിക്കുന്നവരാണ് ഉണ്ടായിരുന്നത്.ഇത് 2010 ല്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയിലധികമാണ്. ഹൈദരാബാദിലും തെലങ്കാനയിലുമാണ് തെലുങ്ക് പ്രധാനമായും ഉപയോഗിച്ചുവരുന്നത്.

1990 കളുടെ മധ്യത്തില്‍ ഐടി രംഗത്ത് ഉണ്ടായ വേഗത്തിലുള്ള വളര്‍ച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരുടെ ആവശ്യകത വര്‍ധിപ്പിക്കുകയും തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നും അനേകം വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്ക് റിക്രൂട്ട് ചെയ്യുകയുമുണ്ടായി. ഇത് അമേരിക്കയിലെ തെലുങ്ക് ഭാഷയുടെ വളര്‍ച്ചയ്ക്ക് വലിയ കാരണമായെന്നാണ് പഠനം.