ജോലിക്കിടെ സ്ത്രീ തൊഴിലാളികൾക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പു വരുത്തുന്ന നിയമഭേദഗതി നിലവിൽ

തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലിക്കിടെ സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള അവകാശം ഉറപ്പു വരുത്തുന്ന നിയമഭേദഗതി നിലവില്‍ വന്നു. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. നിയമഭേദഗതി ഉടന്‍ നടപ്പിലാക്കാന്‍ തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരോടും തൊഴിലുടമകളോടും അഭ്യര്‍ത്ഥിച്ചു.

2014 മാര്‍ച്ചിലാണ് ഇരിക്കാന്‍ അനുവദിക്കാതെ തൊഴിലെടുപ്പിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ സ്ത്രീതൊഴിലാളികള്‍ ഇരുപ്പ് സമരവുമായി തെരുവിലിറങ്ങിയത്. നിയമ ഭേദതഗി നടപ്പിലാക്കിക്കൊണ്ട് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതോടെ വ്യാപാരസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളാണ് അംഗീകരിക്കപ്പെടുന്നത്.

ജോലിസമയം മുഴുവന്‍ സ്ത്രീതൊഴിലാളികള്‍ നിന്ന് തന്നെയാണ് തൊഴിലെടുക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഭേദഗതി നടപ്പാക്കാന്‍ ഉടന്‍ ഇടപെടുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷോപ്‌സ് ആന്‍്‌റെ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ വരുത്തിയ ഭേദതഗികള്‍ നിലവില്‍ വന്നതായി ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

1960ലെ കേരള ഷോപ്പ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിന്റെ പരിധിയില്‍ മൂന്നരലക്ഷം സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 35 ലക്ഷം തൊഴിലാളികള്‍ നിയമത്തിന്റെ പരിധിയില്‍ വരും. നിയമലംഘനങ്ങള്‍ക്കുള്ള പിഴ നിയമഭേദഗതിയിലൂടെ വര്‍ധിപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തി

ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. പകരം ആഴ്ചയില്‍ ഒരുദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന് വ്യവസ്ഥ ചെയ്തു.