ജര്‍മനിയില്‍ കുട്ടിയെ റാഞ്ചി ട്രെയിന്റെ മുന്‍പില്‍ ചാടിയ ഇന്ത്യാക്കാരന്റെ വിചാരണ തുടങ്ങി

കൈപ്പുഴ ജോണ്‍ മാത്യു

ബര്‍ലിന്‍: ജര്‍മനിയെ ഞെട്ടിച്ച കേസിന്റെ വിചാരണയ്ക്ക് ഇവിടെ തുടക്കമായി. കഴിഞ്ഞ ഏപ്രില്‍ 16ന് ജര്‍മനിയിലെ വൂപ്പര്‍ട്ടാല്‍ നഗരത്തിലെ പ്രധാന റയില്‍വേ സ്റ്റേഷനിലാണു സംഭവം.

ട്രെയിന്‍ യാത്രയ്ക്കായി കാത്തു നിന്ന ഒരു ജര്‍മന്‍ കുടുംബത്തിലെ സാന്‍ഡ്രോ എന്ന അഞ്ചു വയസുകാരനെ, എസ്. ജഗദീപ് എന്ന ഇന്ത്യന്‍ അഭയാര്‍ഥി റാഞ്ചിയെടുത്ത് ഓടി വന്നു ട്രെയിന്റെ മുന്‍പില്‍ ചാടുകയായിരുന്നു.

സംഭവത്തില്‍, ഞെട്ടലോടെ കുട്ടിയുടെ പിതാവ് ക്രിസ്റ്റ്യാന്‍-(34) ജഗദീപിന്റെ പിന്നാലെ ഓടിയെങ്കിലും ഇതിനകം ഇയാള്‍ കുട്ടിയോടൊപ്പം റയില്‍ പാളത്തില്‍ പതിച്ചിരുന്നു. സംഭവം കണ്ടു നിന്ന കുട്ടിയുടെ മാതാവ് ദാനിയേലാ (24) ബോധരഹിതയായി.

വേഗത കുറഞ്ഞു വന്ന ട്രെയിന്റെ ഡ്രൈവര്‍ അകലെ നിന്നു സംഭവം നിരീക്ഷിച്ചിരുന്നു. സഡന്‍ ബ്രേക്ക് ഇട്ടു ട്രെയിന്‍ നിറുത്താന്‍ കഴിഞ്ഞതുമൂലം രണ്ടു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. കുട്ടി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഓടിയെത്തിയ പൊലീസ് ജഗദീപിനെ കീഴ്‌പ്പെടുത്തി.

കൊലപാതകശ്രമം, കുട്ടിയെ തട്ടിയെടുക്കല്‍ എന്നീ കുറ്റങ്ങളുടെ പേരിലാണ്. ജഗദീപ് ഇപ്പോള്‍ ജര്‍മന്‍ കോടതിയില്‍ വിചാരണ നേരിടുന്നത്. ജര്‍മനിയിലെ ഇയാളുടെ അഭയാര്‍ത്ഥിത്വം നിഷേധിച്ചതുമൂലം ഇയാള്‍ നാട് കടത്തല്‍ ഭീഷണിയിലായിരുന്നുവെന്ന് പൊലീസ് കോടതിയിലറിയിച്ചു. ജര്‍മനി വിട്ട് പോകാതിരിക്കാന്‍ ജഗദീപ് നടത്തിയ കടുംകൈയ്യാണ് ഈ കൊലപാതക ശ്രമമെന്ന് പൊലീസ് കോടതിയില്‍ തുടര്‍ന്ന് പറഞ്ഞു.

എന്നാല്‍ ജഗദീപ് മാനസിക രോഗിയും അപകടകാരിയുമാണെന്നാണ് ഇയാളെ പരിശോധിച്ച ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം വിലയിരുത്തിയത്. മാനസിക ആശുപത്രിയില്‍ പ്രത്യേക മുറിയില്‍ അടച്ച് പൂട്ടി ഇയാള്‍ക്ക് ചികിത്സ ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസിന്റെ വിചാരണ തുടരുന്നു. വിധി അടുത്ത ദിവസം തന്നെ ഇവിടെ ഉണ്ടാകുമെന്നാണു സൂചന.