കണ്ണൂര്‍ വിമാനത്താവളം : എയർഇന്ത്യ എക്സ്പ്രസിന്റെ ബുക്കിങ് ആരംഭിക്കുന്നു

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലേക്കുള്ള ബുക്കിങ് ആരംഭിക്കുന്നു. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസ് സംബന്ധിച്ച സമയപ്പട്ടികയ്ക്ക് രണ്ടു ദിവസത്തിനകം ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ.) അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ സര്‍വീസ് ഡിസംബര്‍ ഒന്‍പതിന് അബുദാബിയിലേക്ക് നടത്താനാണ് ധാരണയായത്. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകും. ഇതിനുപുറമേ റിയാദ്, മസ്‌കറ്റ്, ദുബായ്, ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്കും തുടക്കം മുതല്‍ സര്‍വീസുകളുണ്ടാകും. ദിവസവും നാല് അന്താരാഷ്ട്ര സര്‍വീസുകളാകും എയര്‍ഇന്ത്യ എക്‌സ്പ്രസ് നടത്തുക.

അതുപോലെ ഇന്‍ഡിഗോ നടത്തുന്ന സര്‍വീസുകളെക്കുറിച്ചും വൈകാതെ ധാരണയാകും. കണ്ണൂരില്‍നിന്ന് വിദേശ, ആഭ്യന്തര സര്‍വീസുകള്‍ നടത്താന്‍ താത്പര്യമറിയിച്ച് സ്‌പൈസ് ജെറ്റും രംഗത്തെത്തി. ഗോഎയര്‍ ആണ് കണ്ണൂരില്‍നിന്ന് ഉദ്ഘാടനം മുതല്‍ സര്‍വീസ് തുടങ്ങുന്ന മറ്റൊരു കമ്പനി.