സിപിഎം കാല്‍നട പ്രചരണ ജാഥ ; യോഗങ്ങളില്‍ സജീവമായി പി.കെ ശശി എംഎൽഎ
സിപിഎം കാല്‍നട പ്രചരണ ജാഥക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട പി.കെ ശശി എംഎല്‍എ മുന്നൊരുക്ക യോഗങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റിയോഗത്തിലും തുടര്‍ന്ന് നടന്ന ഷൊറണൂര്‍ മണ്ഡലം പ്രതിനിധികളുടെ യോഗത്തിലും ശശി പങ്കെടുത്തു. ശശിയെ ജാഥാ ക്യാപ്റ്റനാക്കരുതെന്ന് സിപിഎം ജില്ലാകമ്മിറ്റിയില്‍ ഒരുവിഭാഗം പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ മറികടന്നാണ് നേത്രുത്വം ശശിയെ തന്നെ തിരഞ്ഞെടുത്തത്.
അടുത്തമാസം 21ന് നടക്കുന്ന സിപിഎം കാല്‍നടപ്രചരണ ജാഥയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഷൊര്‍ണൂര്‍ മണ്ഡലത്തിലെ പ്രതിനിധികളുടെ യോഗം ചേര്‍ന്നത്. നേരത്തെ പി.കെ ശശിക്കെതിരെ നിലപാടെടുത്ത എം.ആര്‍ മുരളി ഉള്‍പ്പെടെയുളളവര്‍ യോഗത്തിനെത്തി. ജാഥാക്യാപ്റ്റനെ ചൊല്ലി യോഗത്തില്‍ എതിര്‍ സ്വരമുയര്‍ന്നെങ്കിലും ചര്‍ച്ച ചെയ്യേണ്ട വേദിയല്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. ശശിയെ ജാഥാ ക്യാപ്റ്റനാക്കിയ തീരുമാനത്തിനെതിരെ തിങ്കളാഴ്ച നടന്ന ജില്ലാ കമ്മറ്റിയോഗത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു.
അതിന് തൊട്ടടുത്ത ദിവസമാണ് എതിര്‍പ്പുകള്‍ വകവയ്ക്കാതെ, ആലോചനയോഗത്തിന് പി.കെ ശശി എത്തിയത്. ഇതിന് തൊട്ടുമുമ്പ് നടന്ന ചെര്‍പ്ലശ്ശേരി ഏരിയ കമ്മറ്റിയോഗത്തിലും പി.കെ ശശിയുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിക്ക് ശേഷം ശശി പങ്കെടുക്കുന്ന ഏരിയ കമ്മിറ്റി യോഗം കൂടിയായിരുന്നു. നേരത്തെ പികെ ശശിയോടുളള എതിര്‍പ്പ് പ്രകടിപ്പിച്ച് വിട്ടുനിന്ന ഭൂരിഭാഗം അംഗങ്ങളും യോഗത്തിനെത്തി. ഈ ആഴ്ച തന്നെ പരാതിയില്‍ അന്വേഷണം നടത്തുന്ന മന്ത്രി എ.കെ. ബാലനുമായും ശശി വേദി പങ്കിടുന്നുണ്ട്. ആരോപണ വിധേയനും അന്വേഷണ കമ്മീഷന്‍ അംഗവും വേദി പങ്കിടുന്നതിനെതിരെ ജില്ലാ കമ്മിറ്റിയില്‍ തന്നെ നേതാക്കള്‍ വിമര്‍ശനം ഉയരുന്നുണ്ട്.