ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഉന്നതതല പോലീസ് യോഗം ഇന്ന്
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗം ഇന്ന്. പ്രതിഷേധക്കാര്‍ക്കെതിരായ കേസുകളിലെ തുടര്‍ നടപടിയെ കുറിച്ചുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും. അതേസമയം, ദര്‍ശനത്തിന് സംരക്ഷണം തേടി അഭിഭാഷകരടക്കം നാല് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണനക്കും.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട രണ്ടു ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. സന്ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്, അഭിഭാഷകരായ എ.കെ.മായ, എസ്. രേഖ എന്നിവരും ജലജ മോള്‍, ജയമോള്‍ എന്നിവരുമാണ് കോടതിയെ സമീപിച്ചത്. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളായ അയ്യപ്പ വിശ്വാസികളെ മല കയറുന്നതില്‍ നിന്ന് രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരെയടക്കം തടയുന്ന സാഹചര്യത്തില്‍ സംരക്ഷണം അനുവദിക്കണമെന്നാണ് ആവശ്യം.
കോണ്‍ഗ്രസ്, ബിജെപി സംസ്ഥാന അധ്യക്ഷന്മാരും ദേവസ്വവും സര്‍ക്കരുമാണ് എതിര്‍ കക്ഷികള്‍. ശബരിമലയിലെ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. രഹ്ന ഫാത്തിമയ്ക്ക് സംരക്ഷണം ഒരുക്കിയതില്‍ ഗൂഡാലോചനയുണ്ടെന്നും ഐജിമാരായ മനോജ് എബ്രാഹാമിനും ശ്രീജിത്തിനുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് മറ്റൊരു ഹര്‍ജി.