സാത്താന്‍ സേവ ; സഹപാഠികളെ കൊന്ന് രക്തം കുടിക്കാൻ പദ്ധതിയിട്ട വിദ്യാർത്ഥിനികൾ അറസ്റ്റിൽ

അമേരിക്കയിലെ ഫ്‌ലോറിഡയിലെ ബാര്‍ട്ടോ മിഡില്‍ സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 11,12 വയസ്സ് മാത്രം പ്രായമായ വിദ്യാര്‍ത്ഥിനികളാണ് അറസ്റ്റിലായത്. സഹപാഠികളെ കൊന്ന് രക്തം കുടിച്ച ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ തീരുമാനമെന്ന് പൊലീസ് അറിയിച്ചു. അതിനുള്ള കാരണമായി അവര്‍ പറയുന്നത് സാത്താന്‍ സേവയും. കൊലപാതകം നടത്തി ആത്മഹത്യ ചെയ്ത് നരകത്തില്‍ പോയി സാത്താനോടൊപ്പം ജീവിക്കാനായിരുന്നു ഞങ്ങളുടെ ശ്രമമെന്നും പെണ്‍കുട്ടികള്‍ പൊലീസില്‍ മൊഴി നല്‍കി.

സ്‌കൂള്‍ ശുചിമുറിയില്‍ ഒളിച്ചിരുന്ന് മറ്റ് കുട്ടികള്‍ വരുമ്പോള്‍ അവരുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തവും മാംസവും കഴിക്കാനാണ് ഇരുവരും പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് അറിയിച്ചു. ശേഷം സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇരുവരും സാത്താനെ ആരാധിക്കുന്നവരാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ക്ലാസില്‍ ഹാജരാവാത്തതിനെ തുടര്‍ന്നുണ്ടായ സംശയത്തില്‍ സ്‌കൂള്‍ അധികൃതര്‍ നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടികളെ ശുചിമുറിയില്‍ നിന്ന് കത്തിയോടെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയും കുട്ടികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവര്‍ ശുചിമുറിയില്‍ നാല് കത്തികളും പിസ കട്ടറുമായി ഒളിച്ചിരിക്കുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനോട് പറഞ്ഞു. കുട്ടികളെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.

ഗൂഢാലോചന, സ്‌കൂളില്‍ ആയുധം കൈവശം വെക്കല്‍, കൊലപാതകശ്രമം, എന്നീ കുറ്റങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് ശേഷം ഇരുവരെയും ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. അതേ സമയം, തങ്ങള്‍ നിരന്തരം ‘പേടിപ്പെടുത്തുന്ന’ സിനിമകള്‍ കാണാറുണ്ടെന്നും ഇതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് തങ്ങള്‍ കൃത്യത്തിന് മുതിര്‍ന്നതെന്നും കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.