ശബരിമല പ്രതിഷേധം : പ്രതികാര നടപടിയുമായി സര്‍ക്കാര്‍ ; 1407 പേര്‍ അറസ്റ്റില്‍ ; പട്ടികയില്‍ പോലീസുകാരനും
ശബരിമല വിഷയത്തില്‍ കോടതി നടപ്പിലാക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ പ്രതികാരനടപടികള്‍ക്ക് ഒരുങ്ങുന്നു. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന സംഘര്‍ഷങ്ങളില്‍ സംസ്ഥാനത്താകെ ഇതുവരെ 1,407 പേര്‍ അറസ്റ്റിലായി. ഇതുവരെ 258 കേസുകള്‍ ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. തിരുവനന്തപുരം റെയ്ഞ്ചില്‍ ഇതുവരെ 236 പേര്‍ അറസ്റ്റിലായി. ഇവരില്‍ പലര്‍ക്കും ജാമ്യം കിട്ടിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തവരുടെ സ്ഥിതിവിവരക്കണക്കുകള്‍ പൊലീസ് ഉടന്‍ പുറത്തുവിടും.
ശബരിമലയില്‍ അക്രമം നടത്തിയവരെന്ന് പൊലീസ് തിരിച്ചറിഞ്ഞ 210 പേരുടെ ചിത്രങ്ങളടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതില്‍ 160 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞവരില്‍ പലരും അറസ്റ്റിലായി. ഈ പട്ടികയില്‍ ഉള്‍പ്പെട്ടവരും അല്ലാത്തവരുമായ 157 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരില്‍ ഏറെയും. പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയ കൂടുതല്‍ പേര്‍ ഇന്നു തന്നെ പിടിയിലാകുമെന്നും പൊലീസ് പറയുന്നു. ഇതിനിടെ പൊലീസ് പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസില്‍ പൊലീസുകാരനും ഉള്‍പ്പെട്ടത് വിവാദമായി.
പട്ടികയിലെ 167-ാം നമ്പറായി ചേര്‍ത്തിരുന്നത് പത്തനംതിട്ട എ ആര്‍ ക്യാംപിലെ പൊലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടിയുടെ ചിത്രമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസില്‍ നിന്ന് ഈ ചിത്രം നീക്കി. ശബരിമലയില്‍ അക്രമം നടക്കുമ്പോള്‍ സിവില്‍ ഡ്രസില്‍ പൊലീസിനെ വിന്യസിച്ചിരുന്നുവെന്നും വീഡിയോയില്‍ ഉള്‍പ്പെട്ട പൊലീസുകാരന്റെ ചിത്രം അബദ്ധത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.
പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് ശബരിമലയില്‍ കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടതെന്നും ക്യാമറ കള്ളം പറയാത്തതിനാല്‍ ഇയാള്‍ കുടുങ്ങി പോയെന്നും ബിജെപി നേതാവ് എം.ടി. രമേശ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. അതേസമയം അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്തതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞവരുടെ അറസ്റ്റ് തുടരുകയാണ്. കൂടുതല്‍ അക്രമികളുടെ ചിത്രങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നും പൊലീസ് പറഞ്ഞു.