ഫാദർ കുര്യാക്കോസിന്‍റെ സംസ്കാര ചടങ്ങിനെത്തിയ കന്യാസ്ത്രീകളെ തടഞ്ഞു


പഞ്ചാബില്‍വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ശവസംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ ഒരു വിഭാഗം വിശ്വാസികളുടെ കടുത്ത പ്രതിഷേധം. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നയിച്ച സിസ്റ്റര്‍ അനുപമയടക്കമുള്ള കന്യാസ്ത്രീകളെയാണ് ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞത്. പള്ളിയിലെ ഓഫീസ് കോംപൗണ്ടില്‍ നിന്നും കന്യാസ്ത്രീകളെ ഇറക്കിവിട്ടതായും പരാതിയുണ്ട്.

ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദര്‍ കുര്യാക്കോസ് മൊഴി നല്‍കിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റിനുപിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ജലന്ധറില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെയായിരുന്നു കുര്യാക്കോസിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്.

വൈകിട്ട് നാലരയോടെയാണ് ഫാ. കാട്ടുതറയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി അവര്‍ മറ്റ് ചില കന്യാസ്ത്രീകള്‍ക്കൊപ്പം ചേര്‍ത്തലയില്‍ എത്തിയത്. പള്ളിമുറ്റത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് ഒരുവിഭാഗം ജനങ്ങള്‍ അവരെ തടയുകയും പ്രതിഷേധിക്കുകയും ചെയ്തത്. പള്ളിയുടെ ഗേറ്റിന് ഉള്ളില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞതോടെ അനുപമ കരഞ്ഞുകൊണ്ട് ഇറങ്ങി പോവുകയായിരുന്നു.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ ഫാദര്‍ കുര്യാക്കോസിന്റെ സംസ്‌കാരച്ചടങ്ങള്‍ക്ക് ശേഷം ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളിയില്‍ വച്ചായിരുന്നു സംഭവം.