രാജ്യത്തിന്റെ സമഗ്രപുരോഗതിക്കായി പ്രവർത്തിച്ചു; 2018ലെ സോൾ സമാധാനപുരസ്‌കാരം നരേന്ദ്രമോദിക്ക്

2018ലെ സോള്‍ സമാധാനപുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. രണ്ടുലക്ഷം ഡോളറും (ഒന്നരക്കോടി രൂപ) ഫലകവുമാണ് പുരസ്‌കാരം. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെയും ലോകത്തിന്റെയും സാമൂഹികപുരോഗതിക്കായി നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് ആണ് പുരസ്‌ക്കാരം.

ലോകമെമ്പാടുനിന്നുമുള്ള 1300ലധികം മത്സരാര്‍ഥികളില്‍ നിന്നാണ് പ്രധാനമന്ത്രി തിരഞ്ഞെടുക്കപ്പെട്ടതെന്നും ഏറ്റവും അനുയോജ്യനെന്നാണ് സമിതി അദ്ദേഹത്തെ വിശേഷിപ്പിച്ചതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

പണക്കാരന്റെയും പാവപ്പെട്ടവന്റെയും ഇടയിലുള്ള അന്തരം കുറയ്ക്കാന്‍ ‘മോദിണോമിക്സി’ന് സാധിച്ചെന്നും ഇന്ത്യയുടെയും ലോകത്തിന്റെയും സാമ്പത്തികമേഖലയുടെ വളര്‍ച്ചയ്ക്കായി വലിയ സംഭാവന ചെയ്തെന്നും പുരസ്‌കാരസമിതി വിലയിരുത്തി.

24ാമത് ഒളിംപിക്സ് മത്സരങ്ങള്‍ക്കുപിന്നാലെ 1990ലാണ് പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ തുടങ്ങിയവരാണ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന സോള്‍ സമാധാന പുരസ്‌കാരം നേടിയ പ്രമുഖര്‍. പട്ടികയിലെ 14ാമത്തെ വ്യക്തിയാണ് മോദി.