ടിക്ക് ടോക്ക് (മ്യൂസിക്കലി) ആടച്ചു പൂട്ടുന്നു എന്ന് വാര്‍ത്തകള്‍

ഇന്റര്‍നെറ്റില്‍ തരംഗമായ ഒരു ആപ്പ് ആണ് മ്യൂസിക്കലിയെന്നും പിന്നീട് ടിക് ടോക് എന്നുമറിയപ്പെട്ട എന്റര്‍ടെയിന്‍മെന്റ് ആപ്പ്. എന്നാല്‍ ഈ ആപ്പ് അതിന്റെ സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായ തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കോടിക്കണക്കിന് ആരാധകര്‍ ഉള്ള ഈ ആപ്പ് അടച്ചു പൂട്ടുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് പലരും കേട്ടത്.

എന്നാല്‍ ഇത് തെറ്റാണെന്നും അത്തരമൊരു നീക്കം നടക്കുന്നില്ലെന്നുമാണ് ഇപ്പോള്‍ ടെക് ലോകത്തുനിന്ന് പുറത്തുവരുന്ന വിവരം. ടിക് ടോക് ആപ്പ് 2018 ഒക്ടോബര്‍ 26 ന് നിര്‍ത്തുന്നതായി വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ടിക്ടോക്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍നിന്നുള്ളതെന്ന് തോന്നിക്കുന്നതാണ് സ്‌ക്രീന്‍ഷോട്ട്. എന്നാല്‍ ഇത്തരമൊരു ട്വീറ്റ് ടിക്ടോക് നടത്തിയിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ത്തകള്‍ വ്യാജമാണെന്നതിന് വളരെ ലളിതമായി ഫേക്‌ന്യൂസ് എന്ന ഹാഷ്ടാഗ് മാത്രം നല്‍കി ടിക് ടോക് അധികൃതര്‍ പ്രതികരിച്ചിരുന്നു.

2016 ല്‍ ചൈനയില്‍ ആരംഭിച്ച ആപ്പിന് രാജ്യത്ത് മാത്രം 150 മില്യണ്‍ ഉപഭോക്താക്കളാണ് ദിവസവും ലഭിക്കുന്നത്. ആഗോളതലത്തില്‍ ഇത് 500 മില്യണ്‍ ആണ്.