പ്രവാസജീവിതസമ്പാദ്യം മുഴുവന്‍ കുടുംബത്തിനായി ചിലവാക്കി; വെറും കൈയ്യോടെ ഷൈലജ മടങ്ങി

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍, ഷൈലജയുടെ മനസ്സില്‍ വിഷമം നിറഞ്ഞിരുന്നു. ജീവിതകാലം മുഴുവന്‍ കുടുംബത്തിനായി ചെലവഴിച്ചിട്ടും, ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയതിന്റെ വേദന ആ മുഖത്ത് ഉണ്ടായിരുന്നു.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയായ ഷൈലജയുടെ ജീവിതം, സ്വന്തം കുടുംബത്തിന് വേണ്ടി വ്യക്തിജീവിതം ത്യജിച്ചതിന്റെ ബാക്കിപത്രമാണ്. ചെറുപ്പത്തിന്റെ നല്ല പ്രായത്തിലാണ്, കുടുംബത്തിന്റെ സാമ്പത്തികപ്രാരാബ്ധങ്ങള്‍ക്ക് പരിഹാരം കാണാനായി, ഷൈലജ പ്രവാസജീവിതം തുടങ്ങിയത്. കുവൈറ്റില്‍ വീട്ടുജോലിക്കാരിയായി കുറെ വര്‍ഷം ചിലവഴിച്ചു. കിട്ടിയ ശമ്പളമൊക്കെയും അച്ഛന്റെ പേരില്‍ അയച്ചു കൊടുത്തു. ആങ്ങളമാരുടെ ആവശ്യത്തിനായി ആ പണം മുഴുവന്‍ ചിലവഴിക്കപ്പെട്ടു. കുടുംബത്തിന്റെ പ്രാരാബ്ധം തീര്‍ക്കാനുള്ള തിരക്കില്‍, പ്രായം ഏറിയിട്ടും വിവാഹം ഉള്‍പ്പെടെയുള്ള വ്യക്തിജീവിതം മറന്നു. അച്ഛന്റെ മരണശേഷം പ്രവാസജീവിതം നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍, അവരുടെ പണം മാത്രം വേണമായിരുന്ന ആങ്ങളമാര്‍ക്ക് അവര്‍ ബാധ്യതയായി.

വീട്ടുകാരുടെ അവഗണനയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെയായപ്പോള്‍, രണ്ടു വര്‍ഷം മുന്‍പ് ഷൈലജ വീട്ടുജോലിക്കാരിയുടെ ഒരു വിസ തരപ്പെടുത്തി സൗദി അറേബ്യയിലേയ്ക്ക് ജോലിയ്ക്കായി എത്തി. പണം കിട്ടാതെയായപ്പോള്‍, ആങ്ങളമാര്‍ ഫോണ്‍ വിളിയ്ക്കുക പോലും ചെയ്യാതെയായി. ക്രമേണ സൗദിയിലെ ജോലിയും ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായി. ശമ്പളം പോലും കിട്ടാത്ത അവസ്ഥയുമായപ്പോള്‍, ആ വീട്ടില്‍ നിന്നിറങ്ങി ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ അഭയം തേടി.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ഷൈലജ സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു ഷൈലജയുടെ സ്‌പോണ്‍സറോട് സംസാരിച്ചെങ്കിലും, ഷൈലജയെ താന്‍ ഒരു വര്‍ഷം മുന്‍പ് ഹുറൂബ് ചെയ്തതായി പറഞ്ഞു സ്‌പോണ്‍സര്‍ കൈയൊഴിഞ്ഞു. തുടര്‍ന്ന് മഞ്ജു ഇന്ത്യന്‍ എംബസ്സി വഴി ഷൈലജയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു. സാമൂഹ്യപ്രവര്‍ത്തകനായ ഷിറാസ് ഇടപ്പറ ഷൈലജയ്ക്ക് വിമാനടിക്കറ്റ് നല്‍കി. സാമൂഹ്യപ്രവര്‍ത്തകരായ നൗഷാദ് താഴവ, അനസ് ബഷീര്‍ എന്നിവര്‍ മറ്റു സഹായങ്ങള്‍ നല്‍കി

കുവൈറ്റില്‍ വെച്ച് അടുത്ത സുഹൃത്തായ ഒരു ആന്ധ്രാ വനിതയുടെ ക്ഷണമനുസരിച്ച് നാട്ടില്‍ അവരുടെ അടുത്തേയ്ക്ക് ഷൈലജ യാത്രയായി. അവിടെ ഒരു ചെറിയ ഹോട്ടല്‍ തുടങ്ങി അവരോടൊപ്പം ശിഷ്ടജീവിതം നയിയ്ക്കാനാണ് ഷൈലജയുടെ തീരുമാനം.