കുഴിബോംബ് സ്‌ഫോടനത്തില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു ; പിന്നില്‍ മാവോയിസ്റ്റുകള്‍
ഛത്തീസ്ഗഢില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്‍ക്ക് സ്‌ഫോടനത്തില്‍ ഗുരുതരമായ പരിക്കേറ്റു. ബിജാപുര്‍ ജില്ലയില്‍ ശനിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ഇവര്‍ സഞ്ചരിച്ച വാഹനം കുഴിബോംബ് സ്‌ഫോടനത്തില്‍ തകരുകയും ചെയ്തു.
തൊട്ടടുത്ത ജില്ലയായ സുക്മയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മുഖ്യമന്ത്രി രമണ്‍ സിങ് പങ്കെടുത്ത ദിവസംതന്നെയാണ് മാവോവാദികള്‍ സുരക്ഷാ സൈന്യത്തിനുനേരെ ആക്രമണം നടത്തിയത്.
നവംബര്‍ 12 നാണ് ഛത്തീസ്ഗഢിലെ ആദ്യഘട്ട വോട്ടെടുപ്പ്. മാവോവാദികളുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന എട്ട് ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മാവോവാദികള്‍ അടുത്തിടെ ബസ്തര്‍ മേഖലയില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഫോടനം നടന്നത്.