ശബരിമല ; പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ മടിക്കില്ല എന്ന് അമിത് ഷാ

ശബരിമല വിഷയത്തില്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
ശരണം വിളിച്ചുകൊണ്ടാണ് കണ്ണൂരില്‍ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗം അമിത് ഷാ തുടങ്ങിയത്. സുപ്രീംകോടതിയ്‌ക്കെതിരെ തുറന്ന വെല്ലുവിളി നടത്തിയ അമിത് ഷാ വിധി അപ്രായോഗികമാണെന്നാണ് വിമര്‍ശിച്ചു.

കോടതികള്‍ നടപ്പാക്കാനാകുന്ന വിധി പറഞ്ഞാല്‍ മതിയെന്ന് അമിത് ഷാ ആഞ്ഞടിച്ചു. ഒരു മൗലികാവകാശം ഉറപ്പാക്കാന്‍ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാന്‍ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. ഈ വിധി അംഗീകരിക്കാന്‍ കഴിയില്ല. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണ് ഈ കോടതി വിധി. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു. അവര്‍ ആരുടെ മുതലാണ് നശിപ്പിച്ചത്. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നത് തീക്കളിയാണെന്ന് ഓര്‍ത്തുകൊളളുക.

ഇടതുസര്‍ക്കാര്‍ അയ്യപ്പന്റെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തി ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അമിത് ഷാ ആരോപിച്ചു.കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം നടത്തുകയാണ്. ബിജെപിയുടെ ദേശീയശക്തി മുഴുവന്‍ അയ്യപ്പഭക്തര്‍ക്കൊപ്പം നില്‍ക്കും.

സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ഇടത് സര്‍ക്കാര്‍ ഭക്തരെ അടിച്ചമര്‍ത്തുകയാണ്. ഇത് തീക്കളിയാണെന്ന് പിണറായി വിജയന്‍ തിരിച്ചറിയണം. കൂട്ടത്തോടെ അറസ്റ്റ് ചെയ്യാന്‍ പ്രതിഷേധിച്ച അയ്യപ്പഭക്തര്‍ എന്തുതെറ്റാണ് ചെയ്തത്? ഈ വേട്ടക്കെതിരെ കേരളസമൂഹം പ്രതികരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. മുസ്ലിംപള്ളികളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്നതുള്‍പ്പടെയുള്ള വിധികള്‍ ഈ നാട്ടിലെ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഇതൊന്നും നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്തുകൊണ്ട് ശബരിമല വിധി നടപ്പാക്കാന്‍ ആവേശം കാണിയ്ക്കുന്നുവെന്നും അമിത് ഷാ ചോദിച്ചു.

സ്ത്രീപുരുഷ സമത്വത്തില്‍ വിശ്വസിക്കുന്ന മതമാണ് ഹിന്ദുമതം. രാജ്യത്ത് പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് മാത്രം ചെയ്യാനാകുന്ന ആചാരങ്ങളുണ്ട്. അവയെയൊന്നും ഭക്തര്‍ ചോദ്യം ചെയ്യുന്നില്ല. കോടതിയോ സര്‍ക്കാരോ വിശ്വാസത്തില്‍ കയറി കളിക്കരുതെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.

അതുപോലെ നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ കേരളത്തിനായി പ്രഖ്യാപിച്ചു. എയിംസ് അനുവദിച്ചു, പാലക്കാട്ട് ഐഐടി അനുവദിച്ചു. കൊച്ചിയില്‍ റെയില്‍ കോച്ച് ഫാക്ടറി അനുവദിച്ചു, ദേശീയ പാത വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. പക്ഷേ കേരള സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.