കാസര്‍ഗോഡ് ; ഭര്‍ത്താവിനെ കൊന്നു പുഴയില്‍ തള്ളിയ വീട്ടമ്മ 6 വര്‍ഷത്തിന് ശേഷം പിടിയില്‍
ഭര്‍ത്താവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസില്‍ വീട്ടമ്മ 6 വര്‍ഷത്തിന് ശേഷം പിടിയില്‍. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് ഭാര്യയും മകനും ഭാര്യയുടെ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി പുഴയില്‍ തള്ളിയത്.
2012 മാര്‍ച്ചിലാണ് മൊഗ്രാല്‍ പുത്തൂര്‍ ബേവിഞ്ച സ്വദേശി മുഹമ്മദ് കുഞ്ഞിയെ കാണാതായത്. ആറ് മാസത്തിന് ശേഷം മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയില്‍ കോടതി ഇടപെടലോടെയാണ് പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറിയത്. പക്ഷെ മുഹമ്മദ് കുഞ്ഞിയെ കണ്ടെത്താനായില്ല. കഴിഞ്ഞ മാസം ഈ കേസില്‍ നിര്‍ണ്ണായകമായ തെളിവ് പൊലീസിന് ലഭിച്ചത്.
മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സക്കീനയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സക്കീനയക്ക് രണ്ടാം പ്രതി ബോവിക്കാനം സ്വദേശി എന്‍.എ ഉമ്മറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു.
ഈ ഇടപാട് തീര്‍ക്കാനാണ് കൃത്യം നടത്തിയത്. ഉറങ്ങുകയായിരുന്ന മുഹമ്മദ് കുഞ്ഞിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. പിന്നീട് പ്രായപൂര്‍ത്തിയാകാത്ത മകനും ചേര്‍ന്ന് മൃതദേഹം പുഴയില്‍ തള്ളി.
ഇക്കാര്യങ്ങളെല്ലാം ഉമ്മറിന് വ്യക്തമായി അറിയാമായിരുന്നു. മുഹമ്മദ് കുഞ്ഞിയുടെ വസ്തു വകകള്‍ പിന്നീട് മൂന്നു പേരും ചേര്‍ന്ന് വില്‍പ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഉമ്മര്‍ നിരവധി മോഷണകേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണ്.
കൃത്യം നടന്ന് ആറര വര്‍ഷം പിന്നിട്ടതിനാല്‍ തെളിവ് ശേഖരണമാണ് പൊലീസിന് മുന്നിലെ വെല്ലുവിളി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മുമ്പ് നല്‍കിയ മൊഴിയില്‍ വൈരുധ്യമാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്.