വിദേശ നിക്ഷേപകര്‍ ഇന്ത്യയെ കൈവിടുന്നോ ; 35,593 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചു

രാജ്യത്തെ ആഭ്യന്തര മൂലധന വിപണിയില്‍ നിന്നും നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കപ്പെടുന്നു എന്ന് റിപ്പോര്‍ട്ട്. ഈ മാസം ഒന്നു മുതല്‍ 26 വരെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 35,593 കോടി രൂപ. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളാണ് (എഫ്പിഐ) രാജ്യത്ത് നിന്ന് പുറത്തേക്ക് പോയത്.

ചില മാസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ മൊത്തത്തില്‍ വന്‍ വിറ്റഴിക്കല്‍ പ്രവണതയാണ് എഫ്പിഐകളില്‍ രാജ്യത്ത് ദൃശ്യമായത്. ഇത്തരം പിന്‍വലിക്കലുകള്‍ വിപണിയെ വലിയതോതില്‍ പിടിച്ചു കുലുക്കുന്നുണ്ട്.

ജനുവരി, മാര്‍ച്ച്, ജൂലൈ, ഓഗസ്റ്റ് എന്നീ നാല് മാസങ്ങളിലായി മൊത്തം 32,000 കോടി രൂപയുടെ നിക്ഷേപം ആഭ്യന്തര മൂലധന വിപണിയില്‍ എഫ്പിഐകളിലൂടെ ഉണ്ടായി. രൂപയുടെ മൂല്യത്തകര്‍ച്ചയും ആഗോള വ്യാപാര യുദ്ധവും, ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടവുമാണ് നിക്ഷേപം പുറത്തേക്ക് പോകാനുളള പ്രധാന കാരണം. അത് തടയുവാന്‍ വേണ്ടി സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല എന്നതാണ് സത്യമായ വസ്തുത.