ചൈനീസ് ഫോണ്‍ വില്പന ; കമ്പനികള്‍ ഇന്ത്യയില്‍ നിന്നും നേടിയത് 50,000 കോടി രൂപ

2018 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ചൈനീസ് ഫോണ്‍ കമ്പനികള്‍ ഇന്ത്യയില്‍ നിന്നും നേടിയത് 50,000 കോടി രൂപ . ഷവോമി, ഒപ്പോ, വിവോ, ഹോണര്‍, ലനോവോ-മോട്ടറോള, വണ്‍ പ്ലസ്, ഇന്‍ഫിനിക്‌സ് തുടങ്ങിയ ഫോണുകള്‍ വാങ്ങുന്നതിനാണ് ഇത്രയും തുക ഇന്ത്യക്കാര്‍ ചെലവിട്ടത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് ഈ തുക.

രാജ്യത്തെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ പകുതിയോളമാണ് ചൈനീസ് ഫോണുകളുടെ വില്പന. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്ക്കുന്നതാണ് ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് രാജ്യത്ത് ആവശ്യക്കാര്‍ ഏറാന്‍ കാരണം. സൗത്ത് കൊറിയന്‍, ജപ്പാനീസ്, ഇന്ത്യന്‍ കമ്പനികള്‍ പുറത്തിറക്കുന്ന ഫോണുകളെക്കാള്‍ കുറഞ്ഞ വിലയില്‍ ഹൈഎന്‍ഡ് ഫോണുകളാണ് ചൈനീസ് കമ്പനികള്‍ പുറത്തിറക്കുന്നത്.

ഷവോമിയാണ് വില്‍പനയില്‍ ചൈനാ ഫോണുകളില്‍ ഒന്നാമന്‍ . ഇവരുടെ ഇന്ത്യയിലെ 2018ലെ മൊത്തം വരുമാനം 22,947.3 കോടി രൂപയാണ്. അതുകഴിഞ്ഞാല്‍ ഒപ്പോ(11,994.3 കോടി), വിവോ (11,179.3 കോടി രൂപ) എന്നിങ്ങനെയാണ് ചൈനീസ് കമ്പനികളുടെ വരുമാനം.

പൂര്‍ണ്ണമായും ഇന്ത്യന്‍ വിപണി പിടിക്കാന്‍ തന്നെയാണ് ഇവര്‍ മൂന്ന് പേരുടെയും തീരുമാനം. അതുകൊണ്ട് തന്നെ അടുത്ത ഏപ്രിലില്‍ 15,000 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കുമെന്ന് ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പോ യുപിയില്‍ രണ്ട് നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. അതുപോലെ വിവോയുടെ പ്ലാന്റില്‍ 5000 പേര്‍ക്ക് ജോലി നല്‍കുമെന്നാണ് പ്രഖ്യാപനം.