സാലറി ചലഞ്ചില്‍ സുപ്രീംകോടതിയിലും സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

സാലറി ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വിസമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി.
പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം നല്‍കാനാകാത്ത ഉദ്യോഗസ്ഥര്‍ വിസമ്മതപത്ര നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി വിധിയ്‌ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയ സുപ്രീംകോടതി സംഭാവന കിട്ടിയ പണം കൃത്യമായി ഉപയോഗിക്കുന്നുവെന്നത് ഉറപ്പാക്കേണ്ടത് സര്‍ക്കാരാണെന്നും പറഞ്ഞു. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവര്‍ അംഗങ്ങളായ ബഞ്ചാണ് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചത്.

ശമ്പളം നല്‍കാന്‍ കഴിയാത്തവര്‍ അത് നാട്ടുകാരെ അറിയിച്ച് അപമാനിതരാകണോ എന്ന് കോടതി ചോദിച്ചു. ശമ്പളത്തില്‍ നിന്നും സംഭാവന കിട്ടുന്ന പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന ഉറപ്പും വിശ്വാസ്യതയും ഉണ്ടാക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി നിരീക്ഷിച്ചു. ജനങ്ങളുടെ വിശ്വാസം നേടേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

സര്‍ക്കാര്‍ എന്തിന് വിസമ്മതപത്രത്തിന് വേണ്ടി വാശി പിടിക്കുന്നുവെന്നും കോടതി ചോദിച്ചു. ശമ്പളം നല്‍കാന്‍ സമ്മതം ഉള്ളവര്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ മതി. അല്ലാതെ വിസമ്മതപത്രം നല്‍കണമെന്നത് ഒരു വ്യക്തിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത്തരമൊരു വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ജഡ്ജിമാരായ ഞങ്ങളും പണം നല്‍കിയിട്ടുണ്ട്. അങ്ങനെ പണം നല്‍കേണ്ട എന്നതായിരുന്നു താല്‍പര്യമെങ്കില്‍ പണം നല്‍കാതിരുന്നാല്‍ മതി. പല കാരണങ്ങള്‍ക്കൊണ്ട് പണം നല്‍കാന്‍ സാധിക്കാത്തവരുണ്ടാകും. വിസമ്മത പത്രം നല്‍കി അവര്‍ക്ക് സ്വയം അപമാനിതരാകേണ്ട കാര്യമില്ലെന്ന് കോടതി പറഞ്ഞു.