നാല് മെഡിക്കല്‍ കോളജുകളിലെ പ്രവേശന അനുമതി സുപ്രീം കോടതി റദ്ദാക്കി
സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് വിധി. പാലക്കാട് പി.കെ.ദാസ് (150), വയനാട് ഡിഎം(150), തൊടുപുഴ അല്‍-അസര്‍(150), വര്‍ക്കല എസ്ആര്‍(100) എന്നീ കോളേജുകളിലെ പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. 550 സീറ്റുകളിലെ പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അംഗങ്ങളായ ബഞ്ചിന്റേതാണ് വിധി.
വാദം കേള്‍ക്കുന്ന സമയത്ത് തന്നെ പ്രവേശനം നേടിയ കുട്ടികള്‍ പുറത്തുപോകേണ്ടി വരുമെന്ന പരമാര്‍ശം കോടതിയുടെ ഭാഗത്ത് നിന്ന് തന്നെയുണ്ടായിരുന്നു. കഴിഞ്ഞ മാസം തന്നെ കോളജുകള്‍ പ്രവേശനം നടത്തുന്നതും കോടതി സ്റ്റേ ചെയ്തിരുന്നു. ഈ നാല് മെഡിക്കല്‍ കോളേജുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയിരുന്നു. നാല് കോളേജുകളിലെയും ഈ വര്‍ഷത്തെ പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കുകയും ചെയ്തു.
ഇതിനെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് പ്രവേശനം അനുവദിയ്ക്കുന്നതായി ഹൈക്കോടതി ഉത്തരവിട്ടു. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇതോടെ സ്‌പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടിയ കുട്ടികളുടെ ഭാവി തുലാസ്സിലായി. പ്രവേശനനടപടികള്‍ സുപ്രീംകോടതി വിധിയോടെ റദ്ദായപ്പോള്‍, ഈ സീറ്റുകളിലേയ്ക്ക് പ്രവേശനം നേടിയ കുട്ടികളുടെ ഒരു വര്‍ഷം നഷ്ടമാകുമെന്നും ഉറപ്പായി.
പ്രവേശനനടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായെന്ന് കോളേജ് മാനേജ്‌മെന്റുകളും സംസ്ഥാനസര്‍ക്കാരും അറിയിച്ചെങ്കിലും കോടതി വഴങ്ങിയില്ല. സ്‌പോട്ട് അഡ്മിഷനിലൂടെ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചപ്പോള്‍, അര്‍ഹരല്ലാത്ത എല്ലാവരും പുറത്തുപോകേണ്ടി വരുമെന്ന് കോടതി അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനമേല്‍നോട്ടസമിതിയുടെ അനുമതിയില്ലാതെയാണ് പല പ്രവേശനങ്ങളും നടന്നതെന്നും, തലവരിപ്പണം ഉള്‍പ്പടെയുള്ള വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ടെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വാദിച്ചു. ഈ വാദങ്ങളൊക്കെ മുഖവിലയ്‌ക്കെടുത്താണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.