സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ഒരു അയ്യപ്പ ക്ഷേത്രം പണിയാം എന്ന് സുരേഷ്ഗോപി
ശബരിമല വിവാദം കത്തി നില്‍ക്കെ യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് താനെന്ന വെളിപ്പെടുത്തലുമായി സുരേഷ് ഗോപി എം.പി. ഇതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കും. ലഭിച്ചില്ലെങ്കില്‍ സമാന മനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യവേയാണ് സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കാണിക്ക വഞ്ചി ഇല്ലാത്ത ഒരു അയ്യപ്പക്ഷേത്രമാണ് മനസിലുള്ളതെന്നും, അതിന്റെ പൂര്‍ണ്ണരൂപം ആയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച വിളംബരം ഉടനുണ്ടാകുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. പുതിയ ക്ഷേത്രത്തിന്റെ വിഗ്രഹത്തിന്റെ ഭാരത പ്രദിക്ഷണം ഉണ്ടാകും. സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ സ്ഥലം അനുവദിച്ചാല്‍ ക്ഷേത്രം അവിടെ സ്ഥാപിക്കും.
പൂജാരികളായി സ്ത്രീകളെ നിയമിക്കണോ എന്ന കാര്യവും പരിശോധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.