വിയന്നയില്‍ കൊരട്ടി മുത്തിയുടെ തിരുനാള്‍ ആഘോഷിച്ചു
പോള്‍ മാളിയേക്കല്‍
2012 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ മാസം പത്താം തിയതി കഴിഞ്ഞുവരുന്ന ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിയ്ക്ക് വിയന്നയിലെ മൈഡ് ലിംഗ് മരിയ ലൂര്‍ദ് ദേവാലയത്തില്‍ കൊരട്ടി മുത്തിയുടെ തിരുനാള്‍ ആഘോഷിച്ചു വരുന്നു. ഈ വര്‍ഷത്തെ ആഘോഷം ഒക്ടോബര്‍ 13ന് സംഘടിപ്പിച്ചു.
മലയാളി കത്തോലിക്കാ സമൂഹത്തിലെ പുതിയ അസിറ്റന്റ് വികാരിയായ ഫാ. വില്‍സണ്‍ മേച്ചേരി മുഖ്യ കാര്മികനായും, ഫാ. ഡേവിസ് കളപ്പുരയ്ക്കല്‍, ഫാ. ദേവദാസ്, ഫാ. ജാക്സണ്, ഫാ. തോമസ് താണ്ടപ്പിള്ളി എന്നിവര്‍ സഹകാര്‍മ്മികരായും ആഘോഷമായ വി.കുര്‍ബാന അര്‍പ്പിച്ചു. ബോബി ഏടാട്ടും സംഘവും ഗാനശുശ്രുഷ നടത്തി.
സരസമായും ലളിതമായ ഭാഷയിലും ഫാ. ജാക്സണ് നല്കിയ തിരുനാള്‍ സന്ദേശം ഏറെ ശ്രദ്ധേയമായി. വി. കുര്‍ബാനയ്ക്കു ശേഷം മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ചാപ്ലയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളിയുടെ നേതൃത്വത്തില്‍ ലദ്ദീഞ്ഞും തുടര്‍ന്ന് കൊരട്ടിമുത്തിയുടെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരുന്നു. കൊടികളും മുത്തുകുടകളുമായി കൊരട്ടിമുത്തിയുടെ ഭക്തരായ നിരവധി വിശ്വാസികള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ദേവാലയത്തിന്റെ മുമ്പിലും വശങ്ങളിലും കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചു നടത്തിയ പ്രദക്ഷിണം നാടിന്റെ ഓര്‍മ്മകളെ ഉണര്‍ത്തി.
മുത്തിയ്ക്കുള്ള പ്രധാന വഴിപാടായ പൂവന് കുല എടുത്ത് വയ്ക്കല്‍ നടത്തിയവരെ എം.സി.സി ചാപ്ലയിന്‍ തലയില്‍ കൈവച്ചു ആശിര്‍വദിച്ചു. തിരുനാളില്‍ പങ്കെടുത്ത എല്ലാവരും മുത്തിയുടെ രൂപം വണങ്ങി. തുടര്‍ന്ന് വഴിപാടായി കൊണ്ടുവന്ന പലഹാരങ്ങളും, പാനീയങ്ങളും വിതരണം ചെയ്തു.
ഈ വര്‍ഷത്തെ ആഘോഷ കമ്മിറ്റിക്കു വേണ്ടി ഷോജി വെളിയത്ത് എല്ലാവരെയും നന്ദി അറിയിച്ചു. എല്ലാ വര്‍ഷവും തിരുനാള്‍ ആഘോഷത്തില്‍ നിന്നും ലഭിക്കുന്ന നേര്ച്ചപണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് കൊടുത്തുവരുന്നത്. അതേസയം ഈ വര്‍ഷത്തെ തുക കൊരട്ടി ഭാഗത്ത് പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് നല്‍കും. അടുത്ത വര്‍ഷത്തെ തിരുനാള്‍ 2019 ഒക്ടോബര്‍ 12ന് നടക്കും.