ഉരുക്കുമനുഷ്യന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു: അറിയേണ്ട ചില കാര്യങ്ങള്‍
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ‘ഐക്യത്തിന്റെ പ്രതിമ’ (സ്റ്റാച്യൂ ഓഫ് യൂണിറ്റി) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143ാം ജന്മദിനമായ ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
600 അടി ഉയരമുള്ള ഈ സ്മാരകം ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിള്‍ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തില്‍ ഒന്നാമതായി തലയുയര്‍ത്തി നില്‍ക്കുന്നത്. ഗുജറാത്തിലെ നര്‍മദാ ജില്ലയില്‍ കെവാദിയ എന്ന സ്ഥലത്താണ് പ്രതിമ സ്ഥിതിചെയ്യുന്നത്. വെറും 33 മാസം കൊണ്ടാണ് 2389 കോടി രൂപ ചെലവില്‍ ഈ ഭീമന്‍ പ്രൊജക്റ്റ് പൂര്‍ത്തീകരിച്ചത്.
ഭാവിയില്‍ ഈ മേഖല ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയുടെ മുഖമാകുമെന്നാണ് കണക്കാക്കുന്നത്. സര്‍ദാര്‍ പട്ടേലിന്റെ ഈ വെങ്കല പ്രതിമ എന്തുകൊണ്ടും ഒരു എഞ്ചിനീയറിംഗ് വിസ്മയം തന്നെയാണ് എന്നതില്‍ സംശയമില്ല. ആറ് കാര്യങ്ങളാണ് ഇതിനെ ഒരു എഞ്ചിനീയറിംഗ് അത്ഭുതമാക്കി മാറ്റുന്നത്.
1,700 ടണ്‍ വെങ്കലവും കൂടെ 565 വലിയ പാളികളും 6000 സൂക്ഷ്മ പാളികളും ഉള്‍പ്പെടുന്ന 1,850 ടണ്‍ വെങ്കലത്തിന്റെ ആവരണവും കൊണ്ടാണ് പുറംഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിമയുടെ അകം 210,000 ക്യൂബിക് മീറ്റര്‍ സിമന്റ് കോണ്‍ക്രീറ്റ്, 18,500 ടണ്‍ റീ-ഇന്‍ഫോഴ്‌സ്ഡ് സ്റ്റീല്‍, 6,500 ടണ്‍ സ്ട്രക്‌ചേര്‍ഡ് സ്റ്റീല്‍ എന്നിവകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പ്രൊജക്റ്റ് നടപ്പിലാക്കിയ ലാര്‍സണ്‍ & ടര്‍ബോ ഇതിനായി വിന്യസിച്ചത് 3000 തൊഴിലാളികളേയും 250 എഞ്ചിനീയര്‍മാരേയുമാണ്. പ്രതിമ രൂപകല്‍പ്പന ചെയ്തതും ഉണ്ടാക്കിയതും ഇന്ത്യയിലാണെങ്കിലും വെങ്കല പാളികള്‍ ചൈനയിലെ ഒരു വാര്‍പ്പുശാലയിലാണ് ഉണ്ടാക്കിയത്. ഇന്ത്യയില്‍ ഇതിനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ടാണിത്.
എല്‍ & ടി നേരിട്ട മറ്റൊരു വെല്ലുവിളി പ്രതിമയുടെ മുഖം കഴിയുന്നത്ര സര്‍ദാര്‍ പട്ടേലുമായി സാദൃശ്യമുള്ളതാക്കുക എന്നതായിരുന്നു. ഇതിനായി നോയിഡയില്‍ നിന്നുള്ള പ്രമുഖ ശില്‍പി രാം വി. സത്താറിനെ നിയമിച്ചു. അദ്ദേഹം പട്ടേലിന്റെ 2000 ത്തോളം ചിത്രങ്ങളാണ് ഇതിനായി പഠിച്ചത്. അദ്ദേഹത്തെ കണ്ടിട്ടുള്ള നിരവധി ആളുകളോടും അദ്ദേഹം സംസാരിച്ചു.
എഞ്ചിനീയര്‍മാരുടെ മുന്നിലുണ്ടായിരുന്ന മറ്റൊരു ദൗത്യം പ്രതിമയെ പ്രകൃതി ദുരന്തങ്ങള്‍ ബാധിക്കാത്ത വിധത്തില്‍ നിര്‍മ്മിക്കണം എന്നതായിരുന്നു. കാരണം, നര്‍മദയുടെ മധ്യത്തിലാണ് പ്രതിമ നില്‍ക്കുന്നത്. ഈ സ്ഥലം എപ്പോഴും ശക്തിയേറിയ കാറ്റ് വീശുന്ന പ്രദേശമാണ്. ചിലപ്പോള്‍ മണിക്കൂറില്‍ 130 കീ.മീ വരെ. പ്രതിമയെ റിക്ടര്‍ സ്‌കെയില്‍ 6.5 വരെയുള്ള ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിവുള്ളതാക്കണം എന്നതും വെല്ലുവിളിയായി. 250 ടണ്‍ വീതമുള്ള വലിയ രണ്ട് ഡാംപേഴ്സ് (ഷോക്ക് അബ്‌സോര്‍ബര്‍) ഇതിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
സര്‍ദാര്‍ പട്ടേല്‍ നടക്കുന്നതായുള്ളതാണ് പ്രതിമ. എഞ്ചിനീയര്‍മാരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ദൗത്യമായിരുന്നു. കാരണം പ്രതിമയുടെ ചുവട്ടില്‍ പാദങ്ങള്‍ തമ്മില്‍ ഏകദേശം 21 അടിയോളം അകലം ഉള്ളതിനാല്‍ ആ ഭാഗം ഏറ്റവും ബലം കുറഞ്ഞിരിക്കും. ഇത് ബലപ്പെടുത്തുക എന്നത് കഠിനമായ ഒരു ദൗത്യം തന്നെയായിരുന്നു.
ലൈറ്റ് ഡിറ്റക്ഷന്‍, റേഞ്ചിങ് ടെക്‌നോളജി, ടെലസ്‌കോപ്പിക് ലോഗിംഗ് തുടങ്ങിയ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നു. സൂക്ഷ്മമായ വിശകലനത്തിനായി മോക്ക്-അപ്, 3 ഡി സ്‌കാനിംഗ്, കമ്പ്യൂട്ടര്‍ ന്യൂമെറിക്കല്‍ കണ്‍ട്രോള്‍ പ്രൊഡക്ഷന്‍ എന്നിവയും ഉപയോഗപ്പെടുത്തിയിരുന്നു.
അതേസമയം എന്നാല്‍ പ്രതിമ അനാച്ഛാദനത്തിനെതിരെ അഹമ്മദാബാദിലെ ഗോത്രസമൂഹങ്ങളും കര്‍ഷകരും വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗ്ഗക്കാരാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. പ്രതിമ നിര്‍മ്മിക്കാനും തൊട്ടടുത്ത പ്രദേശങ്ങളിലെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കയ്യേറി എന്നാണ് ഗോത്രസമൂഹങ്ങളുടെ ആരോപണം.
ഒക്ടോബര്‍ 31 മരണവീടായി ആചരിക്കാനാണ് ഇവരുടെ തീരുമാനം. ഭക്ഷണം പാകം ചെയ്യാതെ ദുഖം ആചരിച്ച് പ്രതിഷേധിക്കുമെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. ഗോത്രസമൂഹത്തിന്റെ സ്ഥലത്ത് പ്രതിമ നിര്‍മ്മിച്ചതല്ലാതെ ഇവര്‍ക്ക് പുനരധിവാസ സൗകര്യങ്ങളോ ജോലിയോ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അതിനെ തുടര്‍ന്നാണ് പ്രതിഷേധം.