ജെറി തൈലയിലിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ കാല്‍പ്പന്തുകളികൊണ്ട് പ്രണാമം: ടൂര്‍ണ്ണമെന്റിലൂടെ ലഭിച്ച തുക നിര്‍ദ്ദനരായ കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകും

വിയന്ന: അകാലത്തില്‍ വേര്‍പിരിഞ്ഞ വിയന്നയിലെ രണ്ടാംതലമുറയില്‍ നിന്നുള്ള ജെറി തൈലയിലിന്റെ സ്മരണയില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ശ്രദ്ധേയമായി. മത്സരങ്ങളിലൂടെ ലഭിച്ച തുക ജെറിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍പ്രണാമം അര്‍പ്പിച്ചു കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ സെന്റ് അല്‍ഫോന്‍സാ മിഷന് സമ്മാനിച്ചു.

ടൂര്‍ണമെന്റിനോട് അനുബന്ധിച്ചു സംഘാടകര്‍ പിരിച്ചെടുത്ത രണ്ടരലക്ഷത്തിലധികം രൂപ അല്‍ഫോന്‍സ മിഷന്റെ ഒന്‍പതാം വാര്‍ഷിക സമ്മേളനത്തില്‍ ജെറിയുടെ പിതാവ് ജോസ് തൈലയില്‍ ഫാ. തോമസ് കൊച്ചുചിറയ്ക്ക് കൈമാറി. തുക ക്യാന്‍സറിന്റെ മുമ്പില്‍ പതറിനില്‍ക്കുന്ന നിര്‍ദ്ദനരായ രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ ഉപയോഗിക്കും.

കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത ഫുട്‌ബോള്‍ മത്സരം ഫാ. ജോയല്‍ കോയിക്കര ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ മലയാളികളുടെ 15 ടീമുകള്‍ മാറ്റുരച്ചു. സീനിയര്‍ വിഭാഗത്തില്‍ ടീം ഏ.സി. ജമ്പ്മാനും, ജൂനിയര്‍ വിഭാഗത്തില്‍ ഐ.എ.എസ്.സി കട്ടാസും വിജയികളായി. സബ് ജൂനിയര്‍ വിഭാഗം പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്തി.

സീനിയര്‍ വിഭാഗത്തിലെ നല്ല കളിക്കാരനായി അരുണ്‍ മംഗലത്തും, ഗോളിയായി ലിറിലും, ടോപ് സ്‌കോററായി ആല്‍ബിന്‍ മാധവപ്പള്ളിയും തിരഞ്ഞെടുക്കപ്പെട്ടു. നല്ല കളിക്കാരനായി സുമനും, ഗോളിയായി ആന്റോണും, ടോപ് സ്‌കോററായി സച്ചിത് മാരേട്ടും ജൂനിയര്‍ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഡോ. ജപമാലൈയും, ഫാ. ജോയലും വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഐ.എ.എസ്.സി കട്ടാസിനു ലേഖ ജെറിയും, ജോസ് തൈലയില്‍ ടീം ഏ.സി. ജമ്പ്മാനും എവര്‍ റോളിങ്ങ് ട്രോഫികള്‍ സമ്മാനിച്ചു.

ടൂര്‍ണ്ണമെന്റില്‍ സഹകരിച്ച എല്ലാവര്‍ക്കും ജോസ് തൈലയില്‍ നന്ദി അറിയിച്ചു. ജെറിയുടെ ഓര്‍മ്മകള്‍ കാന്‍സറിന്റെ പിടിയില്‍ അമരുന്ന നിര്‍ദ്ദനരായ വ്യക്തികളെ സഹായിക്കാന്‍ തുണയായതില്‍ അല്‍ഫോന്‍സാ മിഷനുവേണ്ടി ഫാ. ഷൈജു പള്ളിചാംകുടിയില്‍ ഏവര്‍ക്കും നന്ദി അറിയിച്ചു. റോബിന്‍സ് ചെന്നിത്തല, റാഫി ഇല്ലിക്കല്‍, ജോബി തട്ടില്‍, ടെജോ കിഴക്കേക്കര, ജോര്‍ജ് പടിക്കകുടി, മാത്യു കുറിഞ്ഞിമല എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.
Photo: Edwin Thekkinen, Jenson Thattil
More Images: https://jerrythailayilmemorial.shutterfly.com/