മൺവിള തീപിടുത്തം : ഫാക്ടറി അധികൃതരുടെ ഭാഗത്ത് ഗുരുതര സുരക്ഷാ വീഴ്ച എന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം മൺവിളയില്‍ ഫാമിലി പ്ലാസ്റ്റിക്സ് ഫാക്ട്ടറിയില്‍ ഉണ്ടായ തീപിടുത്തത്തിൽ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. അഗ്നിബാധയുണ്ടായാല്‍ ഉപയോഗിക്കാനായി അഗ്നിശമന ഉപകരണങ്ങള്‍ മാത്രമാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. ഇവയില്‍ മിക്കവയും അടുത്തിടെ നടന്ന അഗ്നിബാധ ചെറുക്കാനായി ഉപയോഗിച്ചവയും ആയിരുന്നെന്നാണ് കണ്ടെത്തല്‍.

ഫാക്ടറി പ്രവർത്തിക്കുന്ന കെട്ടിടത്തിൽതന്നെ പ്ലാസ്റ്റിക് ഉത്പന്നങ്ങളും സൂക്ഷിച്ചതും അഗ്നിബാധ തടുക്കുന്നതില്‍ കടുത്ത വെല്ലുവിളി സൃഷ്ടിച്ചു. ഫാക്ടറിക്കുള്ളിൽ ഉൽപന്നങ്ങൾ സൂക്ഷിക്കരുതെന്ന നിർദ്ദേശം ഫാക്ടറി അധികൃതര്‍ അവഗണിച്ചതായാണ് വ്യക്തമാകുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് സൂചനകള്‍. അഞ്ഞൂറ് കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് ഫാമിലി പ്ലാസ്റ്റിക് അധികൃതർ വ്യക്തമാക്കുന്നത്.

12 മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് മൺവിള ഫാക്ടറിയിലെ തീയണച്ചത്. തീപിടുത്തമുണ്ടായ കെട്ടിടം അപകടാവസ്ഥയിലാണുള്ളത്. കെട്ടിടത്തിന്‍റെ മതിൽ പുലർച്ചയോടെ തകർന്നുവീണു. വിഷപ്പുക ശ്വസിച്ച് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപത്ത് നിന്ന് ആളുകളെ രാത്രിയോടെ ഒഴിപ്പിച്ചിരുന്നു.

അതേസമയം തീപിടിത്തം പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞു. ഡിസിപി ആര്‍.ആദിത്യയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കും. കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മീഷണറാകും അന്വേഷണ ഉദ്യോഗസ്ഥന്‍. ഫോറന്‍സിക് വിദഗ്ദ്ധരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടാകുമെന്നും ഡിജിപി അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്പതോളം യൂണിറ്റുകള്‍ എത്തിയാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയത്.