ശബരിമല പ്രതിഷേധം ; ഇതുവരെ അറസ്റ്റില്‍ ആയവര്‍ 3701

ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്കെതിരെ ശബരിമലയിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 3701 പേര്‍ അറസ്റ്റിലായി. അക്രമവുമായി ബന്ധപ്പെട്ട് 543 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം നിലയ്ക്കലിലും പമ്പയിലും നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. സംഘര്‍ഷത്തില്‍ അറസ്റ്റിലായ അഭിഭാഷകന്റെ ജാമ്യഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിര്‍ദേശം. ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാ ദൃശ്യമാധ്യമങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഘര്‍ഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയത് സിപിഎം ഗ്രൂപ്പുകള്‍ വഴിയാണെന്നാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആരോപിച്ചത്. സംഘര്‍ഷ സമയത്ത് സ്ഥലത്ത് വെറുതെ നിന്നവരുടെ പേരില്‍ പോലും പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.