ലാവലിന്‍ കേസ് ജനുവരിയിലേക്ക് മാറ്റി
മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണവിധേയന്‍ ആയ ലാവലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി. അന്തിമ വാദം എപ്പോള്‍ തുടങ്ങാമെന്ന് ജനുവരി രണ്ടാം വാരം ഉത്തരവ് ഇറക്കുമെന്നും കോടതി അറിയിച്ചു. എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി ഇന്ന് മാറ്റിവെച്ചത്.
തന്റെ കക്ഷിക്ക് അനുകൂലമായി രണ്ടു കോടതികളുടെ വിധികള്‍ ഉണ്ടെന്നും ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്നും പിണറായിയുടെ അഭിഭാഷകന്‍ വി ഗിരി കോടതിയില്‍ ആവശ്യപ്പെട്ടു. എല്ലാ ഹര്‍ജികളും കോടതി ഫയലില്‍ സ്വീകരിച്ചു. ഇവ ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ എന്‍.വി രമണ, എം.ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് മാറ്റി വെച്ചത്.
ഉദ്യോഗസ്ഥരായ എം.വി. രാജഗോപാല്‍, ആര്‍. ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവര്‍ക്കെതിരെ വിചാരണ നടത്താമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീലുകളും സിബിഐയുടെ ഹര്‍ജിക്കൊപ്പം ഇന്ന് മാറ്റിവെക്കുകയായിരുന്നു.