പരീക്ഷയെഴുതാൻ സമ്മതിച്ചില്ല ; കൊല്‍കൊത്ത സ്വദേശി തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തു

കോളേജ് അധികൃതര്‍ പരീക്ഷയെഴുതാന്‍ അനുമതി നിഷേധിച്ചതിന് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. കോവളത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്.

കൊല്‍ക്കത്ത സ്വദേശിയായ സ്വര്‍ണേന്ത് കുമാറാണ് കോളേജിന് സമീപമുള്ള വാടക വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ സ്ഥാപനത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. 75 ശതമാനം ഹാജരില്ലാത്തിനാല്‍ തിങ്കളാഴ്ച തുടങ്ങുന്ന പരീക്ഷ എഴുതാന്‍ സ്വര്‍ണേന്തിന് കോളേജ് അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല.

ഇന്ന് രാവിലെയും കോളേജിലെത്തിയ സ്വര്‍ണേന്ത് കുമാര്‍ അധ്യാപകരോട് സംസാരിച്ച ശേഷമാണ് വാടക വീട്ടില്‍ പോയി ആത്മഹത്യ ചെയ്തത്. എന്നാല്‍ 74 ശതമാനം ഹാജര്‍ സ്വര്‍ണേന്തുവിന് ഉണ്ടായിരുന്നുവെന്നും, പ്രിന്‍സിപ്പലിന്റെ കടുംപിടുത്തമാണ് ആത്മഹത്യക്ക് കാരണമെന്ന് വിദ്യാത്ഥികള്‍ ആരോപിച്ചു.

അന്യായമായ കാരണങ്ങള്‍ പറഞ്ഞ് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ മാനസികമായി നിരന്തരം പീഡിപ്പിക്കുകയും ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ചെയ്യുന്നത് പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ നിയമാനുസരണമായ നടപടികള്‍ മാത്രമാണെന്ന് അധ്യാപകര്‍ പറഞ്ഞു.

രക്ഷിതാക്കളുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കഴിയാത്തിനാല്‍ ആത്മഹത്യ ചെയ്യുവെന്ന സ്വര്‍ണേന്തുവിന്റെ കുറിപ്പ് പൊലീസ് കണ്ടെടുത്തു. പോസ്റ്റുമോര്‍ട്ടിന് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജ് ഗേറ്റ് ഉപരോധിച്ചു.