എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം കിട്ടില്ല ; യുപിഎ മുന്നേറുമെന്ന് റിപ്പബ്ലിക് സര്‍വെ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സാധ്യതകള്‍ കുറയുകയും യുപിഎയുടെ സാധ്യതകള്‍ വര്‍ധിക്കുന്നതുമായ സര്‍വെ ഫലവുമായി റിപ്പബ്ലിക് ടിവി-സീ വോട്ടര്‍ പ്രവചനം.
ഒക്ടോബറിലെ ജനഹിതമാണ് സര്‍വേ പരിഗണിച്ചിരിക്കുന്നത്. 38.4 ശതമാനം വോട്ട് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് സര്‍വേ അവകാശപ്പെടുന്നത് . 26 ശതമാനം വോട്ട് യുപിഎ സ്വന്തമാക്കുമ്പോള്‍ മറ്റുള്ളവര്‍ 35.6 ശതമാനം നേടും. കേരളത്തില്‍ ആകെയുള്ള 20 സീറ്റില്‍ പതിനാറും യുഡിഎഫ് സ്വന്തമാക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
ഒക് ടോബറില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎയ്ക്ക് പരമാവധി 261 സീറ്റ് വരെ മാത്രമേ കിട്ടൂവെന്നാണ് സര്‍വെ ഫലം പറയുന്നത്. ഒരു മാസം മുമ്പ് കേവല ഭൂരിപക്ഷം( 276 സീറ്റുകള്‍) പ്രവചിച്ചിരുന്നിടത്ത് നിന്നാണ് എന്‍ഡിഎയുടെ സാധ്യതകള്‍ കുറയുകയാണെന്ന പ്രവചനം വരുന്നത്. അതേ സമയം യുപിഎ 112 ല്‍ നിന്ന് 119 ലേക്ക് സാധ്യത വര്‍ധിച്ചിട്ടുണ്ട്.
സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്നത് കണക്കിലെടുക്കാതെയാണ് ഈ സാധ്യതകള്‍ മുന്നോട്ടുവെക്കുന്നത്. മഹാരാഷ് ട്ര, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, യുപി എന്നിവടങ്ങളില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടാല്‍ അതാകും ജനിവിധി നിര്‍ണയിക്കുക എന്നതാണ് ഈ സര്‍വെ നല്‍കുന്ന സൂചനകള്‍.