ഭര്‍ത്താവ് നൃത്തം ചെയ്യുന്നത് ഇഷ്ടമല്ല ; യുവതിയും കുഞ്ഞും കിണറ്റില്‍ ചാടി മരിച്ചു

നൃത്തകലാകാരനായ ഭര്‍ത്താവ് ആ തൊഴില്‍ ചെയ്യുന്നതില്‍ ഇഷ്ടമില്ലാത്ത ഭാര്യ പത്തുമാസം പ്രായമായ കുഞ്ഞുമായി കിണറ്റില്‍ ചാടി മരിച്ചു. ഇ.എസ്.ഐ. വാര്‍ഡ് പാറയ്ക്കല്‍ കാടിയാതി ക്ഷേത്രത്തിനുസമീപം വിഷ്ണുഭവനില്‍ മണിയുടെയും അമ്പിളിയുടെയും മകള്‍ മായ (19), മായയുടെ മകള്‍ മൈഥിലി എന്നിവരാണ് മരിച്ചത്.

നൃത്തകലാകാരനായ ദിലീപുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു മായ. എന്നാല്‍ ഇവര്‍ രേഖാമൂലമോ ആചാരപരമായോ വിവാഹിതരായിട്ടില്ലെന്ന് പാരിപ്പള്ളി പോലീസ് പറഞ്ഞു. ദിലീപിന്റെ വീട്ടിലെ 40 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് മായ ചാടിയത്.

കഴിഞ്ഞദിവസം രാവിലെ ആറരയോടെയാണ് സംഭവം. നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വായുവിന്റെ ദൗര്‍ലഭ്യംമൂലം കിണറ്റിലിറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‍ പരവൂരില്‍നിന്നെത്തിയ അഗ്നിരക്ഷാസേന ഇരുവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്ത് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

ദിലീപിന്റെ വീട്ടിലായിരുന്നു മായ താമസിച്ചിരുന്നത്. ദിലീപ് നൃത്തപരിപാടിക്ക് പോകുന്നത് മായയ്ക്ക് ഇഷ്ടമില്ലായിരുന്നു. ഇരുവരും ഇതേച്ചൊല്ലി വഴക്കിടാറുണ്ടായിരുന്നു. രണ്ടുദിവസംമുന്‍പ് മായ കുഞ്ഞിനെയുംകൂട്ടി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച രാവിലെ തിരിച്ചെത്തിയ മായ ദിലീപുമായി പിണങ്ങി കുട്ടിയുമായി കിണറ്റില്‍ ചാടുകയായിരുന്നു.