ബന്ധു നിയമനം ; വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീല്‍ പ്രതിരോധത്തില്‍
ബന്ധു നിയമനത്തില്‍ കുടുങ്ങി വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീല്‍. മന്ത്രിക്കെതിരേ കഴിഞ്ഞ ദിവസം തെളിവുകളുമായാണ് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത് വന്നത്. പിതൃസഹോദര പുത്രനായ കെ.ടി അദീപ് എന്നയാളെ ഡെപ്യൂട്ടേഷന്‍ എന്ന പേരില്‍ ചട്ടങ്ങള്‍ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജരായി നിയമിച്ചുവെന്നായിരുന്നു ആരോപണം. ആരോപണം ഉണ്ടയില്ലാവെടിയെന്ന മറുപടി നല്‍കി കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്ത് വന്നുവെങ്കിലും ഇത് ജലീലിനെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുകയായിരുന്നു.
ഒരു പ്രമുഖ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്ന് സര്‍ക്കാര്‍ ധനകാര്യ സ്ഥാപനത്തേക്ക് ഡെപ്യൂട്ടേഷന്‍ വഴി ഒരു വ്യക്തിയെ നിയമിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള സ്‌പെഷ്യല്‍ റൂളോ മറ്റോ ഇല്ലായെന്നിരിക്കെയാണ് ഇങ്ങനെയൊരു നിയമനം നടത്തിയത് എന്നാണ് യൂത്ത്‌ലീഗിന്റെ ആരോപണത്തിന് പ്രാധാന്യമേറുന്നത്. മാത്രമല്ല ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് നിയമിതനാവണമെങ്കില്‍ എം.ബി.എ ബിരുദ യോഗ്യത നിര്‍ബന്ധമാണെന്നിരിക്കെയാണ് ബി.ടെക് യോഗ്യതയുള്ള മറ്റൊരാളെ നിയമിച്ചതും.
വിഷയത്തില്‍ എല്‍.ഡി.എഫിന്റെയോ സി.പി.എം നേതൃത്വത്തിന്റേയോ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും വന്നില്ലെങ്കിലും വിഷയം കൂടുതല്‍ സജീവമായി നിലനിര്‍ത്താനാണ് യൂത്ത്‌ലീഗിന്റേയും യു.ഡി.എഫിന്റേയും ശ്രമം. ഇതിന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമിടാനും തീരുമാനിച്ചിട്ടുണ്ട്.
നിയമനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ അടക്കം സമീപിക്കാനും കോടതിയില്‍ കേസ് കേസ് ഫയല്‍ ചെയ്യാനുമാണ് യൂത്ത്‌ലീഗ് നീക്കം.ഇതോടെ മുന്നണി നേതൃത്വം പ്രതികരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യും. മുഖ്യമന്ത്രിയുടെ വിശ്വസ്ഥരില്‍ ഒരാളാണ് കെ.ടി ജലീലെങ്കിലും തദ്ദേശസ്വയംഭരണ വകുപ്പ് ഈയിടെയായിരുന്നു കെ.ടി ജലീലില്‍ നിന്ന് എടുത്തുമാറ്റിയത്.
രണ്ടരവര്‍ഷത്തിനിടെ എല്‍.ഡി.എഫ് മന്ത്രിസഭയിലെ മറ്റൊരു മന്ത്രിക്ക് കൂടി ബന്ധുനിയമന വിവാദത്തില്‍ കുരുക്ക് മുറുകുമ്പോള്‍ ഒരിക്കല്‍കൂടി പ്രതിസന്ധിയിലാവുകയാണ് എല്‍ഡിഎഫും മന്ത്രിസഭയും. വ്യവസായ മന്ത്രിയായിരിക്കേ ഇ.പി ജയരാജനായിരുന്നു ആദ്യം ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.