അഡള്‍ട്ട് സിനിമാതാരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വം: റിച്ച ചദ്ദ

അഡള്‍ട്ട് സിനിമകളില്‍ അഭിനയിക്കുന്ന താരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ലക്ഷണമാണെന്ന് ബോളിവുഡ് നടി റിച്ച ചദ്ദ. അഡള്‍ട് സിനിമകളുടെ ഭാഗമാകുന്ന നടികളെ പോണ്‍ താരം എന്ന് വിളിച്ച് അപമാനിക്കുകയാണെന്നും റിച്ച ചദ്ദ പറയുന്നു. ദക്ഷിണേന്ത്യന്‍ സിനിമാതാരം ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ഷക്കീലയായി വേഷമിടുന്നത് റിച്ചയാണ്. ഹിന്ദി ഭാഷയില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഷക്കീല എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്.

”അഡള്‍ട്ട് താരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ലക്ഷണമാണ്. അഡള്‍ട്ട് സിനിമകളുടെ ഭാഗമാകുന്ന അഭിനേത്രിയെ പോണ്‍ താരം എന്ന് വിളിച്ച് അപമാനിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. എന്നിട്ട് നിങ്ങള്‍ ആ ചിത്രങ്ങള്‍ തന്നെ കാണുകയും ചെയ്യും. ആ ചിത്രങ്ങള്‍ തന്നെയാണ് കൂടുതല്‍ പണം വാരുകയും ചെയ്യുന്നത്. ഇതെന്ത് കാപട്യമാണ്” – റിച്ച ചോദിക്കുന്നു.

സമൂഹത്തിന്റെ കപട സദാചാരത്തെയാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നത്. ഇവിടെ മാര്‍ക്കറ്റ് ഉള്ളതു കൊണ്ട് മാത്രമാണ് അഡള്‍ട്ട് ചിത്രങ്ങള്‍ ഉണ്ടാകുന്നത്. സ്വന്തം കഴിവുകൊണ്ട് വിജയിച്ച ഒരു സ്ത്രീയെ പുരുഷ മേധാവിത്വ സമൂഹത്തില്‍ ഇത്തരം പേരുകള്‍ വിളിക്കാന്‍ വളരെ എളുപ്പമാണ്.

കരിയറിന്റെ ഉയരത്തില്‍ നിന്നിരുന്നപ്പോള്‍ അവരെപ്പറ്റി ആളുകള്‍ എന്ത് പറഞ്ഞിരുന്നു എന്നതിനെക്കുറിച്ച് തര്‍ക്കിക്കാന്‍ നില്‍ക്കേണ്ട കാര്യമില്ല. ആളുകള്‍ അവരുടെ ചിത്രങ്ങള്‍ കണുകയും അവരെ പോണ്‍ താരം എന്ന് വിളിക്കുകയും ചെയ്തു. എന്നാല്‍ യതാര്‍ത്ഥത്തില്‍ അവര്‍ അതല്ല. ഈ ചിത്രത്തില്‍ ആ നടിയുടെ, അവരുടെ വ്യക്തി ജീവിതത്തിലെ ആരും കാണാത്ത യാത്രകളെക്കുറിച്ചാണ് പറയുന്നത്.

ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ‘ഷക്കീല’യുടെ ലോഗോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. പോണ്‍ താരമല്ല (Not a Porn star)എന്നായിരുന്നു ലോഗോയുടെ അടിക്കുറിപ്പ്. ഷക്കീല ഒരു പോണ്‍ താരമല്ലെന്നും അവരുടെ ജീവിതത്തിലെ ആരും കാണാത്ത ചില യാഥാര്‍ത്ഥ്യങ്ങളാണ് ചിത്രമെന്നും റിച്ച വ്യക്തമാക്കി.