ബന്ധുനിയമനവിവാദം ; യൂത്ത് ലീഗിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതം : കെ ടി ജലീല്‍
തന്റെ ബന്ധുവിന് അനധികൃത നിയമനം നല്‍കിയെന്ന ആരോപണം തള്ളി മന്ത്രി കെ.ടി.ജലീല്‍. കൃത്യമായ ചട്ടങ്ങള്‍ പാലിച്ചാണ് ന്യൂനപക്ഷ വികസന ധനകാര്യകോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമനം നടത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. യോഗ്യതയുള്ള ആളെ കണ്ടെത്താന്‍ പത്രപ്പരസ്യം നല്‍കി, അഭിമുഖം നടത്തിയെന്നും ജലീല്‍ വിശദീകരിച്ചു.
കോര്‍പ്പറേഷനില്‍ കെ.ടി.അദീപിനെ നിയമിച്ചത് നേരിട്ടാണ്. നേരത്തേയും കോര്‍പ്പറേഷനില്‍ രണ്ട് പേരെ നേരിട്ട് നിയമിച്ചിട്ടുണ്ട്. എംബിഎ മാത്രം മതിയെന്ന യോഗ്യത മാറ്റി, ബി.ടെക് കൂടിയുള്ളവരെ കൂടി പരിഗണിക്കാമെന്ന് തീരുമാനിച്ചത് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്റെ പോലും യോഗ്യത ബി.ടെക്കാണെന്നും ഇതെങ്കിലും യൂത്ത് ലീഗും പി.കെ.ഫിറോസും മനസ്സിലാക്കണമെന്നും കെ.ടി.ജലീല്‍ പറഞ്ഞു.
ചെറുകിടപത്രങ്ങളിലല്ലാതെ പത്രപ്പരസ്യം നല്‍കിയിട്ടില്ലെന്ന പി.കെ.ഫിറോസിന്റെ വാദം പച്ചക്കള്ളമാണ്. ചന്ദ്രിക ദിനപത്രത്തിലടക്കം ആളുകളെ ക്ഷണിച്ച് പരസ്യം നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗുകാര്‍ കുറഞ്ഞത് ‘ചന്ദ്രിക’ പത്രമെങ്കിലും വായിക്കണമെന്നും ജലീല്‍ പരിഹസിച്ചു.
‘ന്യൂനപക്ഷധനകാര്യകോര്‍പ്പറേഷന്‍ ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയാണ്. അവിടെ സര്‍ക്കാരിന് നേരിട്ട് നിയമനം നടത്താന്‍ അവകാശമുണ്ട്. പത്രപ്പരസ്യം നല്‍കിയിട്ടും ഏഴ് ഉദ്യോഗാര്‍ഥികള്‍ മാത്രമാണ് വന്നത്. അവര്‍ക്കാര്‍ക്കും യോഗ്യതയുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കെ.ടി.അദീപിനെ നേരിട്ട് അങ്ങോട്ട് വിളിച്ച് ജി.എം.തസ്തിക നല്‍കിയത്.’ ജലീല്‍ വിശദീകരിച്ചു.
‘ലീഗുകാര്‍ പലരും കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ട്. പലരും അത് തിരിച്ചടച്ചിട്ടില്ല. കിട്ടാക്കടം തിരിച്ചുപിടിയ്ക്കാന്‍ കോര്‍പ്പറേഷനില്‍ ഇപ്പോഴുണ്ടാകുന്ന നടപടികളാണ് യൂത്ത് ലീഗിന്റെ പ്രകോപനത്തിന് കാരണം.’ ജലീല്‍ ആരോപിയ്ക്കുന്നു.