ശബരിമലയിലെ മാധ്യമ വിലക്ക് ശുദ്ധ ഫാസിസം : മുല്ലപ്പള്ളി രാമചന്ദ്രന്‍
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിലൂടെ സര്‍ക്കാര്‍ സംസ്ഥാനത്ത് ശുദ്ധ ഫാസിസം നടപ്പാക്കിയിരിക്കയാണെന്നു കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതുപോലെ സി.പി.ഐയും എല്‍.ജെ.ഡി നേതാവ് എം.പി വീരേന്ദ്രകുമാറും ശബരിമല വിഷയത്തിലെ പിടിവാശി ഒഴിവാക്കാന്‍ മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മുല്ലപ്പളി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരം ബുദ്ധിജീവികളും വിഷയത്തില്‍ ഇടപെടണം.
ശബരിമലയില്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് സ്‌ഫോടനാത്മകവും അതീവ സങ്കീര്‍ണവുമായ സ്ഥിതി വിശേഷമാണ് ഉള്ളത്. അത് അര്‍ഹിക്കുന്ന ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ആയിരക്കണക്കിന് പോലീസുകാരെ വിന്യസിപ്പിച്ചുകൊണ്ട് വിശ്വാസികളെ വെല്ലുവിളിക്കുകയും അടിച്ചമര്‍ത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നും അദ്ദേഹം പറയുന്നു.
ശരണം വിളി മുഴങ്ങേണ്ട പൂങ്കാവനത്തില്‍ ഇപ്പോള്‍ മുഴങ്ങുന്നത് പോര്‍വിളികളാണ്. ശബരിമലയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണിത്. എല്ലാ വിശ്വാസികളായ മലയാളികളുടെയും ഹൃദയം പൊട്ടുകയാണ്. സാമുദായിക ചേരിതിരിവിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യുക എന്നാണ് സി.പി.എമ്മിന്റെ ലക്ഷ്യം.
സവര്‍ണ്ണ അവര്‍ണ്ണ യുദ്ധമായാണ് മുഖ്യമന്ത്രി ശബരിമലയെ വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാനാവില്ല. ജാതി രാഷ്ട്രീയത്തിലേക്ക് വീണ്ടും വലിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണിത്. പിടിവാശിയും മര്‍ക്കട മുഷ്ടിയും ഉപേക്ഷിച്ച് സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകാന്‍ മുഖ്യമന്ത്രി തയ്യാറാവണം. കണ്ണൂരിലെ ചാവ് നിലങ്ങളില്‍ നിന്ന് ചാവേറുകള്‍ക്ക് പരിശീലനം നല്‍കി ശബരിമലയിലെത്തിക്കാനാണ് സി.പി.എമ്മും ആര്‍.എസ്.എസും ശ്രമിക്കുന്നത് എന്നും മുല്ലപ്പള്ളി ആരോപിക്കുന്നു.