ഐസിയുവില്‍ ചികിത്സയിലിരുന്ന പെണ്‍കുട്ടിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശിലെ ബറേലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായത്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പാമ്പു കടിയേറ്റതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ ഉടനെ ജീവനക്കാര്‍ കുട്ടിക്ക് മയങ്ങുന്നതിനുളള കുത്തിവയ്പ് നല്‍കിയ ശേഷമായിരുന്നു പീഡനം. ഇതിനു ശേഷം കൈകളും കാലുകളും കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് പെണ്‍കുട്ടി ബന്ധുക്കളെ വിവരമറിയിച്ചത്. തുടര്‍ന്ന്, പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ അഞ്ച് ആശുപത്രി ജീവനക്കാര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് നാല് പേര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ഉത്തര്‍പ്രദേശിലെ തന്നെ ബാഗ്പതിലും ആശുപത്രിയില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് വാര്‍ഡ് ബോയിയെയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.