ശബരിമല നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാടിന് പിന്നില്‍ ബിജെപി ; വെളിപ്പെടുത്തലുമായി ശ്രീധരന്‍പിള്ള
ശബരിമലയിലെ സമരം ബി.ജെ.പി ആസൂത്രണം ചെയ്തതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. തുലാമാസ പൂജാ സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള വെളിപ്പെടുത്തി.
നടയടയ്ക്കുമെന്ന ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിന് ആയിരങ്ങള്‍ പിന്തുണയുണ്ടാവുമെന്ന തന്റെ ഉറപ്പിന്റെ പിന്‍ബലത്തിലായിരുന്നു തന്ത്രി പ്രവര്‍ത്തിച്ചതെന്നും യുവമോര്‍ച്ചയുടെ സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞു. നമ്മള്‍ മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ബിജെപി ആസൂത്രണം ചെയ്ത സമരമാണ് നടന്നതെന്ന് വിശദമാക്കുന്നതാണ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. പൊലീസിനെ മുട്ടുകുത്തിച്ചത് തന്ത്രിയുടെ നടയടയ്ക്കുമെന്ന നിലപാടായിരുന്നെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കുന്നു. വിശ്വാസികളാണ് സമരം നടത്തിയതെന്ന വാദം പൊളിക്കുന്നതാണ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍.
കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഈ പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.