മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ ഇറ്റലിയില്‍ സര്‍ക്കാര്‍ ഭൂമി സമ്മാനം: കൂടെ പലിശയില്ലാതെ ലക്ഷങ്ങളുടെ വായ്പയും

ജെജി മാത്യു മാന്നാര്‍

റോം: ജനന നിരക്ക് വളരെയധികം താഴുന്നു പോയ ഇറ്റലിയില്‍, നിരക്ക് തിരികെ പിടിക്കുവാനായി മൂന്നാമത്തെ കുട്ടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ വക കൃഷിഭൂമി നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2019-നും 2021-നും ഇടയില്‍ മൂന്നാമതൊരു കുട്ടി കൂടി ജനിക്കുന്ന മാതാപിതാക്കള്‍ക്ക് 20 വര്‍ഷത്തെ കാലാവധിക്ക് കൃഷി ഭൂമി നല്‍കുമെന്നാണ് വിവരം. അതേസമയം ഇറ്റലിയിലെ കുറഞ്ഞ ജനനനിരക്ക് ഉയര്‍ത്തിക്കൊണ്ട് വരിക, നോക്കിനടത്തുവാനോ, വില്‍ക്കുവാനോ ബുദ്ധിമുട്ടുള്ള കൃഷി ഭൂമികള്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നീ രണ്ടു കാര്യങ്ങളാണ് പദ്ധതികൊണ്ട് ഗവണ്‍മെന്റ് ലക്ഷ്യം വെക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

464,000 ജനനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, യൂറോപ്പിലെ തന്നെ ഏറ്റവും കുറഞ്ഞ ജനനനിരക്കായി അത് രേഖപ്പെടുത്തി. ശിശു സംരക്ഷണ ആനുകൂല്യങ്ങളുടെ അഭാവം, തൊഴില്‍സ്ഥലങ്ങളിലെ അമ്മമാര്‍ക്കുള്ള അസൗകര്യം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ കാരണങ്ങളാല്‍ പലരും കുട്ടികള്‍ വേണ്ടെന്നു വച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. രാജ്യത്തെ സര്‍വ്വകാല റെക്കോര്‍ഡാണ് ഇത്.

ഇതിനുപുറമേ, കൃഷി സ്ഥലങ്ങള്‍ക്ക് അടുത്ത് പുതിയ കുടുംബങ്ങള്‍ വീട് സ്വന്തമാക്കിയാല്‍ ഇത്തരം കുടുംബങ്ങള്‍ക്ക് 200,000 യൂറോ (227,000 ഡോളര്‍) പലിശയില്ലാതെ ലോണ്‍ നല്‍കുമെന്നും ‘ലാന്‍ഡ്-ഫോര്‍-ചില്‍ഡ്രന്‍’ എന്നറിയപ്പെടുന്ന ഈ പദ്ധതിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഇറ്റലിയിലെ പോപ്പുലിസ്റ്റ് ഗവണ്‍മെന്റ് പദ്ധതി കൊണ്ടുവരുന്നത്. അടുത്ത വര്‍ഷത്തെ ബജറ്റിന്റെ കരടുരേഖയില്‍ ഈ പദ്ധതി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

അതേസമയം വിവാഹിതരായ ദമ്പതികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹത. പത്തുവര്‍ഷമായി ഇറ്റലിയില്‍ താമസിക്കുന്ന വിദേശികളായ ദമ്പതികള്‍ക്കും ഈ ആനുകൂല്യത്തിനു അപേക്ഷിക്കാം.