രണ്ടാമൂഴം : മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടി ; തിരകഥ തിരിച്ചു വേണം

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവ് കൂടിയ ഫിലിം എന്ന നിലയില്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച മോഹന്‍ ലാല്‍ ചിത്രം രണ്ടാമൂഴത്തിന്റെ ഭാവി തുലാസില്‍. സിനിമയുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തിരക്കഥ തിരിച്ചുനല്‍കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും കോടതിയെ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിച്ചപ്പോഴാണ് അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതോടെ കേസ് ഈ മാസം 13-ലേക്ക് മാറ്റിവെക്കുന്നതായി കോടതി അറിയിച്ചു.

ഭീമ സേനനെ കേന്ദ്രസ്ഥാനത്ത് അവതരിപ്പിക്കുന്ന എം.ടി.യുടെ വിഖ്യാതമായ നോവലിനെ ആസ്പദമാക്കിയുള്ള സിനിമയാണ് പ്രതിസന്ധിയിലായത്. പ്രവാസി വ്യവസായി ബി.ആര്‍. ഷെട്ടി നിര്‍മിക്കുന്ന ബഹുഭാഷാ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. കരാര്‍ വ്യവസ്ഥയനുസരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും എം.ടി. തിരക്കഥ തയ്യാറാക്കിയിരുന്നു.

മൂന്നുവര്‍ഷംകൊണ്ട് സിനിമ നിര്‍മിക്കാമെന്നു കരാറുണ്ടാക്കി നാലുവര്‍ഷമായിട്ടും ഒന്നും നടക്കാത്തതിനാലാണ് തിരക്കഥ തിരികെയാവശ്യപ്പെട്ട് എം.ടി. കോടതിയെ സമീപിച്ചത്. ശ്രീകുമാര്‍ മേനോനും എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് എതിര്‍ കക്ഷികള്‍. ഒക്ടോബര്‍ പത്തിനാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. തിരക്കഥ ഉപയോഗിക്കുന്നതില്‍നിന്ന് എതിര്‍കക്ഷികളെ കോടതി താല്‍കാലികമായി വിലക്കുകയും ചെയ്തിരുന്നു.