ശബരിമലയില്‍ കൃത്യമായ നിലപാടില്ലാതെ വീണ്ടും ദേവസ്വംബോർഡ്
ശബരിമല വിഷയത്തില്‍ കൃത്യമായ നിലപാടില്ലാതെ വീണ്ടും ദേവസ്വംബോര്‍ഡ് . ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുനഃപരിശോധനാഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ഏതെങ്കിലും മുതിര്‍ന്ന അഭിഭാഷകനെത്തന്നെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇപ്പോള്‍ പറയുന്നത്.
ഇന്ന് തിരുവനന്തപുരത്ത് നടന്ന ദേവസ്വംബോര്‍ഡ് യോഗത്തിന് ശേഷമാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതിയിലെ സ്റ്റാന്‍ഡിംഗ് കോണ്‍സലിനെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് ബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസും വ്യക്തമാക്കി.
കോടതി ആവശ്യപ്പെട്ടാല്‍ ശബരിമലയിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കും. അത് യുവതീപ്രവേശനത്തെ അനുകൂലിച്ചാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. യുവതീപ്രവേശനത്തെ അനുകൂലിക്കണോ വേണ്ടയോ എന്ന് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പദ്മകുമാര്‍ വ്യക്തമാക്കി.
ഇതിനിടെ, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനമല്ലെന്ന് ദേവസ്വംബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസ് ആവര്‍ത്തിച്ചു. പതിനെട്ടാം പടി കയറിയത് ചടങ്ങിന്റെ ഭാഗമായിരുന്നു. ഇത് ആചാരലംഘനമല്ല. അങ്ങനെയാണെന്ന് താന്ത്രികാചാര്യന്‍മാര്‍ പറഞ്ഞാല്‍ പരിഹാരക്രിയ ചെയ്യാന്‍ തയ്യാറാണെന്നും ശങ്കര്‍ദാസ് വ്യക്തമാക്കി.
ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരലംഘനം നടത്തിയ ശങ്കര്‍ദാസിനെ ബോര്‍ഡ് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ചേര്‍ത്തല സ്വദേശി ഹര്‍ജി നല്‍കിയിരുന്നു. ബോര്‍ഡ് അംഗമായി ചുമതല ഏല്‍ക്കുമ്പോള്‍ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് ശങ്കര്‍ ദാസ് നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം .അതുപോലെ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ , ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അടക്കമുള്ളവരും സമാനഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.