പ്രളയദുരന്തം ; ധനസഹായം നല്‍കാന്‍ തയ്യറാക്കിയ റീ ബില്‍ഡ് കേരളാ മൊബൈല്‍ ആപ്പ് മുന്നറിയിപ്പില്ലാതെ പൂട്ടി

പ്രളയത്തില്‍ വീടുതകര്‍ന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ റീ ബില്‍ഡ് കേരളാ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനരഹിതമായി. ഇതോടെ വിവരങ്ങള്‍ കൈമാറാനാവാത്ത ആയിരങ്ങള്‍ക്ക് എങ്ങനെ ധനസഹായം കിട്ടുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ലാതായി. ആലപ്പുഴയില്‍ ദുരിതം അനുഭവിക്കുന്ന 13,000 പേരുടെ വീടുകളുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്യാനായില്ല.

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് മൈബൈല്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യാന്‍ സര്‍ക്കാര്‍ വൊളണ്ടിയര്‍മാരെ പരിശീലിപ്പിച്ച് നിയോഗിച്ചിരുന്നു. എന്നാല്‍ ആലപ്പുഴയിലെ കുട്ടനാടടക്കം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വൊളണ്ടിയര്‍മാര്‍ എത്താത്തതോടെ കണക്കെടുപ്പ് പാതിവഴിയിലായി.

ആലപ്പുഴ കുട്ടനാട്ടിലെ ചേന്നങ്കരിയിലെ ഈ പ്രദേശത്ത് മാത്രം നാല്‍പതിലേറെ വീടുകള്‍ ഉള്‍പ്പെടുത്താനുണ്ട്. വിവരം ശേഖരിച്ച് അപ് ലോഡ് ചെയ്യാന്‍ നോക്കുമ്പോഴേക്കും രണ്ടാഴ്ചയായി റീ ബില്‍ഡ് കേരള എന്ന മൊബൈല്‍ ആപ്പ് കിട്ടുന്നില്ല. ഒരു മുന്നറിയിപ്പുമില്ലാതെ സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ പൂട്ടുകയായിരുന്നു.

ആലപ്പുഴയില്‍ മാത്രം 13000 ല്‍ ഏറെ തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ഇനിയും പുതുതായി ഉള്‍പ്പെടുത്താനുണ്ട്. ആലപ്പുഴ കലക്ടര്‍ അടക്കം ആവശ്യപ്പെട്ടിട്ടും ഇതുവരെ ആപ്പ് തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആലപ്പുഴയിലെന്നപോലെ സംസ്ഥാനത്തെ മറ്റ് പ്രളയബാധിത പ്രദേശങ്ങളിലെയും അവസ്ഥയിതാണ്.

പരിശീലനം കിട്ടിയ വൊളണ്ടിയര്‍മാര്‍ മിക്കവരും പ്രവര്‍ത്തനവും നിര്‍ത്തി. മൈബൈല്‍ ആപ്പ് ഇനിയും തുറന്ന് കൊടുത്തില്ലെങ്കില്‍ പ്രളയബാധിതരുടെ ദുരിതം ഇരട്ടിയാവും. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നാണ് ദുരിതബാധിതര്‍ പറയുന്നത്. ശബരിമല വിഷയത്തിന്റെ ഇടയില്‍ സര്‍ക്കാര്‍ തങ്ങളുടെ ദുരിതങ്ങള്‍ മറക്കുന്നു എന്നും ഇവര്‍ ആരോപിക്കുന്നു.