സനലിന്‍റെ മരണം; പൊലീസ് ഗുരുതര വീഴ്ച വരുത്തി ; സനലുമായി ആംബുലന്‍സ് പാഞ്ഞത് പോലീസ് സ്‌റ്റേഷനിലേക്ക്
നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍ എന്ന യുവാവിന്റെ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നു കളഞ്ഞ ഡിവൈഎസ്പി ഹരികുമാര്‍ അപകടം എസ്‌ഐയെ വിളിച്ചറിയിച്ചു. എസ്‌ഐ പാറാവുകാരനായ പൊലീസുകാരനൊപ്പമാണ് അപകട സ്ഥലത്തെത്തിയത്.
അപകടസ്ഥലത്ത് നിന്ന് സനലിനെ നേരെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്. പൊലീസ് സനലിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകി സനല്‍ കുമാര്‍ ചോര വാര്‍ന്ന് റോഡില്‍ കിടന്നാണ് മരിച്ചത്.
എന്നാല്‍ സ്റ്റേഷനിലേക്ക് സനലിനെ കൊണ്ടുപോയില്ലെന്നും സ്റ്റേഷന് പുറത്ത് വച്ച് പൊലീസുകര്‍ക്ക് ഡ്യൂട്ടി മാറി കേറാനായി നിര്‍ത്തുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്‌ഐയുടെ വിശദീകരണം. സനലിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് വ്യക്തമാണ്.
റൂറല്‍ എസ്പിയും കൃത്യമായി നടപടിയെടുത്തില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അപകടശേഷം ഹരികുമാര്‍ റൂറല്‍ എസ്പി അശോക് കുമാറിനെയും വിളിച്ചിരുന്നു. എന്നാല്‍ സംഭവത്തിന്റെ ഗൗരവം റൂറല്‍ എസ്പി മനസ്സിലാക്കിയില്ല. കൃത്യമായ നടപടിയെടുത്തതുമില്ല.
അപകടശേഷം, ഏതാണ് ഒരു മണിക്കൂറോളം ഹരികുമാറിന്റെ ഔദ്യോഗികമൊബൈല്‍ സജീവമായിരുന്നു. പിറ്റേ ദിവസം ഉപയോഗിച്ചത് സ്വകാര്യമൊബൈല്‍ ഫോണാണ്. രണ്ടും ട്രേസ് ചെയ്യാന്‍ പൊലീസിനായില്ല എന്നത് മറ്റൊരു വീഴ്ചയായി. ഈ സാഹചര്യത്തില്‍ റൂറല്‍ എസ്പിയോടും ഡിജിപി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതേസമയം രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സജീഷ് കുമാര്‍, ഷിബു എന്നീ പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അപകടത്തില്‍പ്പെട്ട സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. സനലിന്റെ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസുകാരെ സസ്‌പെന്റ് ചെയ്തത്.
സനലിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പോലീസ് എത്തിച്ചു എങ്കിലും സ്ഥിതിഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ആശുപത്രിയില്‍നിന്നിറങ്ങിയ ആംബുലന്‍സ് നേരേ പോയത് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്കായിരുന്നു.
പിന്നീട് ഇവിടെനിന്ന് ഏറെവൈകിയാണ് മെഡിക്കല്‍ കോളേജില്‍ എത്തിയത്. എന്നാല്‍ അപ്പോഴേക്കും അപകടം നടന്നിട്ട് ഒന്നരമണിക്കൂറോളം കഴിഞ്ഞിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സനല്‍ മരണപ്പെടുകയും ചെയ്തു. ഒരു ജീവന്‍ മുന്നില്‍ പൊലിയുന്ന സമയവും ഡ്യൂട്ടി മാറാന്‍ വേണ്ടി പോലീസ് കളഞ്ഞ സമയം ഉണ്ടായിരുന്നു എങ്കില്‍ സനല്‍ ഒരുവേള ഇപ്പോള്‍ ജീവനോടെ ഇരിക്കുമായിരുന്നു.