കെ.എം.ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധിക്ക് രണ്ടാഴ്ച സ്റ്റേ

കെ.എം.ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ കോടതി വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവെക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. എം.വി.നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വന്ന വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനാല്‍ തല്‍ക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് കെ.എം.ഷാജി ആവശ്യപ്പെട്ടത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിര്‍സ്ഥാനാര്‍ഥി എം.വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള വിധി ജസ്റ്റിസ് പി.ഡി രാജന്‍ പുറപ്പെടുവിച്ചത്. ആറുവര്‍ഷത്തേക്കാണ് അയോഗ്യത കല്‍പ്പിച്ചിട്ടുള്ളത്.

സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി തീരുമാനമെടുക്കാന്‍ കാലതാമസം വന്നേയ്ക്കാം. അത്രയും കാലം അഴീക്കോട് മണ്ഡലത്തില്‍ എംഎല്‍എയുണ്ടാകില്ല. ഈ സാഹചര്യത്തില്‍ തല്‍ക്കാലത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് ഷാജിയുടെ ആവശ്യം. ജസ്റ്റിസ് പി.ഡി.രാജനാണ് ഷാജിയെ അയോഗ്യനാക്കി വിധി പറഞ്ഞത്. ഇതേ ബഞ്ചിന് മുമ്പാകെയാണ് സ്റ്റേ ആവശ്യപ്പെട്ട് ഷാജി ഹര്‍ജി നല്‍കിയത്.

കെഎം ഷാജി മുസ്ലീമായതുകൊണ്ട് അദ്ദേഹത്തിന് വോട്ടുചെയ്യണമെന്നും ചെകുത്താന്റെ കൂടെ നില്‍ക്കുന്ന എം വി നികേഷ് കുമാറിന് വിശ്വാസികള്‍ വോട്ട് ചെയ്യരുതെന്നും ആഹ്വാനം ചെയ്യുന്ന ലഘുലേഖ കണ്ടെത്തിയിരുന്നു. വര്‍ഗീയപരാമര്‍ശങ്ങളുള്ള ഈ ലഘുലേഖ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടെ പേരിലായിരുന്നു പുറത്തിറക്കിയത്. ഇത് യുഡിഎഫ് അച്ചടിച്ചിറക്കിയതല്ല എന്ന കെ എം ഷാജിയുടെ വാദം അദ്ദേഹത്തിന് ഹൈക്കോടതിയില്‍ തെളിയിക്കാനായില്ല. തുടര്‍ന്നാണ് കോടതി ഷാജിയെ അയോഗ്യനാക്കിയത്. എല്‍ഡിഎഫിന്റെ പരാതി പ്രകാരം യുഡിഎഫ് പ്രവര്‍ത്തകരില്‍ നിന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഈ ലഘുലേഖ പിടിച്ചെടുത്തത്.

സ്റ്റേ കിട്ടിയത് സ്വാഭാവികം മാത്രമാണെന്നും ഉടന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും കെ.എം.ഷാജി പ്രതികരിച്ചു. ആശ്വാസം ഇല്ലെന്നും തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കോടതി പരാമര്‍ശം മാറ്റി കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി. വിധിയ്ക്ക് പിന്നില്‍ എം.വി.നികേഷ് കുമാറിന്റെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്നും കെ.എം.ഷാജി പറഞ്ഞു. ഷാജിയെ അയോഗ്യനാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു നികേഷ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തള്ളി. പകരം തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിച്ചു.