സനല്‍കുമാര്‍ കൊലക്കേസിലെ ദൃക്സാക്ഷിക്ക് ഭീഷണി
വിവാദമായ സനല്‍കുമാര്‍ കൊലക്കേസിലെ ദൃക്സാക്ഷിക്ക് ഭീഷണി. സംഭവം പൊലീസിനോട് പറഞ്ഞ കൊടങ്ങാവിളയിലെ ഹോട്ടല്‍ ഉടമ മാഹിനാണ് ഇപ്പോള്‍ തനിക്ക് ഭീഷണി ഉണ്ട് എന്ന് പറഞ്ഞിരിക്കുന്നത്. ഇത് കാരണം കച്ചവടം നിര്‍ത്തേണ്ട സ്ഥിതിയാണ്.
ഹോട്ടലിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും മാഹിന്‍ ആരോപിച്ചു. തനിക്ക് മാനസ്സിക പ്രശ്‌നമുണ്ട്. എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയിലാണ്. കടയില്‍നില്‍ക്കാന്‍ പേടിയാണെന്നും തനിക്ക് സംരക്ഷണം വേണമെന്നും മാഹിന്‍ പറഞ്ഞു.
മാഹീന്റെ ഹോട്ടലിന് മുന്നിലാണ് സനല്‍കുമാര്‍ കൊല്ലപ്പെട്ടത്. മാഹിന്റെ മൊഴിയില്‍ തൃപ്തിയില്ലെന്നാണ് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നത്. ഇതിനിടെ കുറച്ച് ദിവസങ്ങളായി മാഹിന്റെ കടയ്ക്ക് മുന്നിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. തല്‍സ്ഥിതി തുടര്‍ന്നാല്‍ കട ഉപേക്ഷിച്ച് തന്റെ സ്വദേശമായ പൂവ്വാറിലേക്ക് പോകാനാണ് തീരുമാനമെന്നും മാഹിന്‍ പറഞ്ഞു.
ഡിവൈഎസ്പിയ്ക്ക് അനുകൂലമായാണ് മൊഴി മാറുകയെന്ന് ആരോപിച്ചാണ് നാട്ടുകാരില്‍ ചിലര്‍ ഭീഷണിപ്പെടുത്തുന്നത്. എന്നാല്‍ സനല്‍കുമാറിന്റെ കേസില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ തങ്ങള്‍ക്ക് അത്തരമൊരു പരാതിയില്ലെന്ന് വ്യക്തമാക്കി.